കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ്. കേരളത്തില്‍ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ല. കേന്ദ്ര സര്‍ക്കാറിന്റെ പാര്‍ട്ടി ഏതുമായിക്കോട്ടേ, നിങ്ങള്‍ റബ്ബറിന്റെ വില 300 രൂപയായി പ്രഖ്യാപിക്കുക.
നിങ്ങള്‍ക്ക് ഒരു എം.പിയുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റി തരാം. കാരണമെന്താണെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല, ഞങ്ങളുടെ കുടുംബങ്ങള്‍ ഗതികേടിന്റെ മറുകരയിലേക്ക് നീങ്ങുന്നവരാണ്,’ അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ ബി.ജെ.പിയെ സഹായിക്കാമെന്നല്ല പറഞ്ഞതെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയെ സഹായിക്കാമെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. ഏത് മുന്നണിയാണെങ്കിലും ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ സാധിക്കുന്നത് ബി.ജെ.പിക്കാണ്. അതുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ റബറിന്റെ ഇറക്കുമതി തീരുവയെ സംബന്ധിച്ച് തീരുമാനമെടുക്കുകയും റബറിന്റെ വില 300 രൂപയാക്കുന്നതുമായ സാഹചര്യം ഉണ്ടാക്കിയാല്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കാന്‍ ഇവിടുത്തെ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്ന് പറഞ്ഞത്,’ അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് ഇപ്പോള്‍ ആകെയുള്ള വരുമാന മാര്‍ഗം റബര്‍ കൃഷിയാണ്. അതിനെ ആരാണോ പിന്തുണക്കുന്നത് അവരെ പിന്തുണക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകന്റെ അവസ്ഥ അത്രയും ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏകദേശം 15 ലക്ഷം കുടുംബങ്ങള്‍ റബറിനെ ആശ്രയിച്ച് ജീവിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അത്രയും വിശാലമായ സമൂഹം ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിയെന്ന് പറയുന്നത് സമാനതകളില്ലാത്തതാണ്. ഒരു കിലോ റബര്‍ ഉല്‍പാദിപ്പിക്കുന്നതിന് ചുരുങ്ങിയത് 220 രൂപ ചെലവ് കര്‍ഷകര്‍ക്കുണ്ട്. പക്ഷേ ഇപ്പോള്‍ കിട്ടുന്നത് 120 രൂപയാണ്. അവന്‍ എങ്ങനെ അതുകൊണ്ട് ജീവിക്കും,’ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ ആരാണോ തയ്യാറാകുന്നത് അവരുടെ കൂടെ കര്‍ഷകര്‍ നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം ഭരിക്കുന്ന ഭരണകക്ഷിയായ ബി.ജെ.പിയോട് സംസാരിക്കുന്നതിന് സഭയ്‌ക്കോ സഭാ നേതൃത്വത്തിനോ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
content highlight: ‘The problem of not having an MP can be solved’, Thalassery Archbishop with an offer to BJP; Demand for rubber price to be 300