Advertisement
Kerala News
ഉറങ്ങിക്കിടന്ന ആശാ വർക്കർമാരെക്കൊണ്ട്, മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ അഴിപ്പിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 02, 03:07 am
Sunday, 2nd March 2025, 8:37 am

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ അഴിപ്പിച്ച് പൊലീസ്. ഉറങ്ങിക്കിടന്ന ആശാ വർക്കർമാരെ ഉണർത്തിയാണ് പൊലീസ് ടാർപോളിൻ അഴിപ്പിച്ചത്.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്‍റെ നടപടി. ടാര്‍പോളിൻ കെട്ടി അതിന്‍റെ താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്ന ആശാ പ്രവര്‍ത്തകരെ വിളിച്ചുണര്‍ത്തിയാണ് പൊലീസിന്‍റെ നടപടി. മനുഷ്യരാണോ നിങ്ങൾ എന്ന് പൊലീസുകാരോട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാർ ചോദിച്ചു. ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നുവെന്ന് ആശാ വര്‍ക്കര്‍മാരിലൊരാള്‍ പൊലീസിനോട് ചോദിക്കുന്നുണ്ടെങ്കിലും അഴിച്ചുമാറ്റേണ്ടിവന്നു. മഴ നനഞ്ഞ് കൊണ്ട് ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം തുടരുകയും ചെയ്തു.

അതേസമയം, വേതനവര്‍ധന ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം ഇന്ന് 21ാം ദിവസത്തിലേക്ക് കടന്നു. വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ കഴിഞ്ഞ 21 ദിവസങ്ങളായി സമരത്തിലാണ്. വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.

എന്നാൽ രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തിൽ അനുനയനീക്കം തുടരുകയാണ്. എന്നാൽ ഓണറേറിയം വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ ആകില്ല എന്നാണ് ആശാ വർക്കർമാരുടെ നിലപാട്.

അതേസമയം സെക്രട്ടേറിയേറ്റിന് മുന്നില്‍ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷൻ ഉത്തരവിറക്കിയിരുന്നു.

ആശാ വർക്കർമാരെ ഏൽപ്പിച്ച ചുമതലകൾ അവർ ഉടൻ നിർവ്വഹിക്കണമെന്നും ഏതെങ്കിലും ആശാ വർക്കർ തിരികെ ജോലിയിൽ പ്രവേശിക്കാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു നിർദേശം. ജനങ്ങൾക്ക് ആശമാർ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കൽ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നാഷണൽ ഹെൽത്ത് മിഷൻ നിർദേശത്തിൽ പറയുന്നു.

Content Highlight: The police untied the tarpaulin tied to the sleeping Asha workers to prevent them from getting wet from the rain