മാര്‍വലിന്റെ ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ സീരിസ് മിസ് മാര്‍വല്‍ ജൂണ്‍ എട്ടിനാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. മാര്‍വലിന്റെ ആദ്യ മുസ്‌ലിം സൂപ്പര്‍ ഹീറോയായ മിസ് മാര്‍വലിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
മിസ് മാര്‍വലിന്റെ അടുത്ത രണ്ട് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് മലയാളിയായ മീര മേനോനാണ്. മിസ് മാര്‍വലിന്റെ ആദ്യ എപ്പിസോഡിന് പിന്നിലും മീര ഉണ്ടായിരുന്നു. അദില്‍ എല്‍ അര്‍ബി, ബിലാല്‍ ഫല്ല എന്നിവര്‍ക്കൊപ്പം മീര മേനോനും ചേര്‍ന്നാണ് മിസ് മാര്‍വല്‍ സംവിധാനം ചെയ്തത്.
പാലക്കാട് ജില്ലക്കാരിയായ മീര, ഫറ ഗോസ് ബാങ് എന്ന സിനിമ സംവിധാനം ചെയ്താണ് കരിയര്‍ ആരംഭിക്കുന്നത്. നിലവില്‍ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലാണ് മീര താമസമാക്കിയിരിക്കുന്നത്. സിനിമ നിര്‍മാതാവായ പിതാവ് വിജയ് മേനോനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മീര സിനിമാ മേഖലയിലേക്ക് വരുന്നത്.
നേരത്തെ നെറ്റഫ്‌ളിക്‌സ് സീരിസ് ആയ പണിഷറിന്റെ ഒരു എപ്പിസോഡ് മീര സംവിധാനം ചെയ്തിട്ടുണ്ട്. ഔട്ട്‌ലാന്‍ഡര്‍, വാക്കിങ് ഡെഡ് ഉള്‍പ്പെടെയുള്ള വിവിധ സീരിസുകളുടെ ചില എപ്പിസോഡുകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് മീര.
അതേസമയം മിസ് മാര്‍വലിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ന്യൂജേഴ്സിയില്‍ നിന്നുള്ള 16 വയസ്സുകാരിയായ കമല ഖാന്റെ കഥയാണ് സീരിസ് പറയുന്നത്. പാകിസ്ഥാന്‍ വംശജയായ അമേരിക്കന്‍ പെണ്‍കുട്ടിയാണ് കമല ഖാന്‍. സ്‌കൂളിലും വീട്ടിലും ഒറ്റപ്പെടുന്ന പെണ്‍കുട്ടിയായ കമലക്ക് അമാനുഷിക ശക്തികള്‍ ലഭിക്കുന്നതിലൂടെ എല്ലാം മാറിമറിയുന്നു.
ആറ് എപ്പിസോഡുകളായാണ് മിസ് മാര്‍വല്‍ സ്ട്രീം ചെയ്യുന്നത്. ക്യാപ്റ്റന്‍ മാര്‍വെലിന്റെ പോലെ നീലയും ചുവപ്പും നിറത്തിലുള്ള വസ്ത്രമാണ് കമലക്കും നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ മാര്‍വലിന്റെ തുടര്‍ച്ചയായ ദി മാര്‍വല്‍സിലും കമല ഉണ്ടായിരിക്കും.
ആദ്യം മിസ് മാര്‍വല്‍ 2021 ന്റെ അവസാനത്തില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മറ്റ് മാര്‍വല്‍ റിലീസുകള്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് മിസ് മാര്‍വലും വൈകുകയായിരുന്നു.
Content Highlight: The next two episodes of Miss Marvel will be directed by Malayaly director Meera Menon