തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. ‘കുടുംബ സമാധാനം തകര്‍ക്കുന്ന നയത്തിനെതിരെ കുടുംബിനികള്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ അടക്കമുള്ളവര്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രതിഷേധിച്ചു.
ഐ.ടി.കമ്പനികളില്‍ മദ്യശാല തുടങ്ങാനുള്ള നീക്കത്തിലൂടെ യുവജനങ്ങളെ മദ്യത്തിന് അടിമകളാക്കി ‘മദ്യ വിപ്ലവം’ സൃഷ്ടിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജെബി മേത്തര്‍ പറഞ്ഞു.
‘ഐ.ടി. കമ്പനികളില്‍ തൊഴിലെടുക്കുന്നത് ഏറെയും പെണ്‍കുട്ടികളാണ്.സ്ഥാപനങ്ങളിലെ സാമൂഹ്യ അന്തരീക്ഷവും സമാധാനവും ഉത്പാദന ക്ഷമതയും ഇത് മൂലം തകര്‍ക്കപ്പെടും.പുതിയ മദ്യ നയത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒരിക്കല്‍ വേണ്ടെന്ന്‌വെച്ച ബ്രൂവറിയാണ് പുതിയ നയത്തിലൂടെ തിരിച്ചു വരുന്നത്. ഇപ്പോള്‍ ഐ.ടി.സ്ഥാപനങ്ങളില്‍ തുടങ്ങുന്ന മദ്യശാലകള്‍ ഭാവിയില്‍ കലാലയങ്ങളിലേക്കും പിണറായി സര്‍ക്കാര്‍ വ്യാപിപ്പിക്കും. മദ്യവര്‍ജനം ഇടതു മുന്നണിയുടെ നയമല്ലെങ്കില്‍ അക്കാര്യം മുഖ്യമന്ത്രി തുറന്നു പറയണം,’ ജെബി മേത്തര്‍ ആവശ്യപ്പെട്ടു.
അതേസമയം, കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് തടഞ്ഞുവെക്കപ്പെട്ട ഡിസ്റ്റിലറികളും ബ്രൂവറികളും പുതിയ കുപ്പായം ഇട്ട് വീണ്ടും തുറക്കാനുള്ള ശ്രമമാണ്.