ഡി.എം.കെയുടെ സ്വജനപക്ഷപാതത്തെക്കുറിച്ച് പറഞ്ഞാല്‍ ബ്രാഹ്മണര്‍ക്ക് നേരെയാണ് ആക്രമമെന്ന് മാലിനി പാര്‍ത്ഥസാരഥി; ചോദിച്ച് വാങ്ങിയ വിവാദത്തില്‍ പുലിവാല്‍ പിടിച്ച് ദ ഹിന്ദു
ന്യൂദല്‍ഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദ ഹിന്ദു പത്രത്തിന്റെ ചെയര്‍പേഴ്‌സണും മുന്‍ എഡിറ്ററുമായ മാലിനി പാര്‍ത്ഥസാരഥി.
ഡി.എം.കെ നേതാവ് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാലിനി പാര്‍ത്ഥസാരഥി വിമര്‍ശനവുമായി മുന്നോട്ട് വന്നത്. ഇതാകട്ടെ പിന്നീട് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു.
”കുടുംബവാഴ്ചയ്ക്ക് എതിരാണെന്ന് പറഞ്ഞ ഡി.എം.കെ നേതാവ് സ്റ്റാലിന്‍ തന്റെ മകന്‍ മത്സരിക്കേണ്ടതില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പേള്‍ ഉദയനിധി സ്റ്റാലിനെ മത്സരിപ്പിക്കാനുള്ള തീരുമാനം സ്വജനപക്ഷപാതമാണ്,” എന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാലിനി പാര്‍ത്ഥസാരഥി പറഞ്ഞത്.
അവരുടെ വാക്കുകള്‍ വലിയ വിവാദമാകുകയും ചെയ്തു. ഇതിന് മറുപടിയായി ഒരാള്‍, ബ്രാഹ്മണര്‍ സ്വജനപക്ഷപാതത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്ന് പറയുകയായിരുന്നു. അവര്‍ സ്വജനപക്ഷപാതം നൂറ്റാണ്ടുകളോളം ഊട്ടിയുറപ്പിച്ചതാണെന്നും, മനു സ്മൃതി ഉപയോഗിച്ച് സമൂഹത്തെ ചൂഷണം ചെയ്തുവെന്നും പറഞ്ഞു.
ഇതിന് മറുപടിയായി മാലിനി പാര്‍ത്ഥസാരഥി, ഡി.എം.കെയിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് പറയുമ്പോഴൊക്കെ ബ്രാഹ്മണിക്കല്‍ പ്രിവിലേജിന് നേരെ ആക്രമണം നടത്തുകയാണ്. ബ്രാഹ്മണരെ അപമാനിക്കുന്നത് ജാതിയുമായി ബന്ധപ്പെട്ട മുന്‍ധാരണയില്‍ പെടില്ലേ എന്ന് ചോദിച്ചാണ് രംഗത്തെത്തിയത്. ഇത് വലിയ രീതിയിലാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ ദിലിപ് മണ്ഡലും മാലിനി പാര്‍ത്ഥസാരഥിയുടെ വിമര്‍ശനത്തിനെതിരെ രംഗത്ത് വന്നു.
‘ദ ഹിന്ദു എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി ശ്രീനിവാസ് പാര്‍ത്ഥസാരഥിയുടെ മകളാണ്. ശ്രീനിവാസ് പാര്‍ത്ഥസാരഥി ഹിന്ദുവിന്റെ മുന്‍ എഡിറ്റര്‍ കസ്തൂരി ശ്രീനിവാസന്റെ മകനാണ്. കസ്തൂരി ശ്രീനിവാസന്‍ ഹിന്ദുവിന്റെ ഉടമ എസ്.കസ്തൂരി രംഗ അയ്യങ്കറുടെ മകനാണ്,”എന്നായിരുന്നു ദിലീപ് മണ്ഡല്‍ പ്രതികരിച്ചത്.
വെള്ളിയാഴ്ചയാണ് ഡി.എം.കെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. ചെപ്പോക്ക് മണ്ഡലത്തില്‍നിന്നാണ് ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്നത്. ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ എം.കെ സ്റ്റാലിന്‍ കൊളത്തൂരിലാണ് മത്സരിക്കുന്നത്.
173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഡി.എം.കെ പുറത്തിറക്കിയത്. . മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയില്‍ സമ്പത്ത് കുമാറിനെയാണ് ഡി.എം.കെ മത്സരിപ്പിക്കുന്നത്.