Entertainment
റാപ്പല്ലെ ഇറ്റ്സ് ജസ്റ്റ് എ ക്രാപ്പ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 29, 11:11 am
Saturday, 29th March 2025, 4:41 pm

20 വര്‍ഷത്തിലധികമായി മലയാളസിനിമയില്‍ സജീവമായി നില്‍ക്കുന്ന സംഗീതസംവിധായകനാണ് ദീപക് ദേവ്. 2003ല്‍ റിലീസായ ക്രോണിക് ബാച്ചിലറിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായ ദീപക് 50ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും ദീപക് ദേവ് സ്വന്തമാക്കി.

ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്റെ സംഗീതം നിര്‍വഹിച്ചതും അദ്ദേഹമാണ്. ഇപ്പോള്‍ എല്ലാ പാട്ടുകളും അതിന്റേതായ രീതിയില്‍ നല്ലതാണെന്ന് പറയുകയാണ് ദീപക് ദേവ്.

റാപ്പ് സോങ്ങുകളും മറ്റും വെറും മോശമാണെന്ന് പറഞ്ഞ് തള്ളി കളയാന്‍ കഴിയില്ലെന്നും അത് ക്രിയേറ്റ് ചെയ്യാനും ഒരു കഴിവ് വേണമെന്നും ദീപക് ദേവ് പറയുന്നു. ഇന്റലക്ച്വല്‍ മ്യൂസിക് ചെയ്യുന്ന വ്യക്തിക്ക് റാപ്പ് സോങ്ങുകള്‍ ചെയ്യാന്‍ കഴിയണമെന്നില്ലെന്നും എല്ലാം അതിന്റേതായ രീതിയില്‍ മികച്ചതാണെന്നും ദീപക് ദേവ് പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ ഒരു ഗാനത്തെയും പുച്ഛിക്കുന്ന രീയിയില്‍ കാണരുത്. ‘റാപ്പല്ലെ ഇറ്റ്‌സ് ജസ്റ്റ് എ ക്രാപ്പ്’ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അത് ചെയ്യാനും ഒരു കഴിവ് വേണം. റാപ്പിനെ വളരെ ആധികാരികമായി അങ്ങനെ തന്നെ കേള്‍പ്പിക്കണമെങ്കില്‍ അതിന്റെ ഗ്രൂവും അതിന്റെ ബേസ് ലൈനും, വാക്കുകളുടെ പങ്ക്ച്വേഷനും എല്ലാം ചെയ്യണം. അത് ഒരു ആര്‍ട്ടാണ്. അത് ഒരു പക്ഷേ വളരെ ഇന്റലക്ച്വല്‍ മ്യൂസിക് ചെയ്യുന്ന ആള്‍ക്ക് വിജയകരമായി ചെയ്യാന്‍ കഴിയണമെന്നില്ല. പുച്ഛിക്കാന്‍ പറ്റും, ചെയ്തുനോക്കുമ്പോള്‍ വിവരം അറിയാം.

ഒന്നും മോശമല്ല. ‘എവരിതിങ് ഈസ് ഗുഡ് ഇറ്റ്സ് ഓണ്‍ വെ’. അത് എത്രനാള്‍ നിലനില്‍ക്കുമെന്നുള്ളതിലാണ് കാര്യം. എന്താണ് ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. എല്ലാം എപ്പേഴും മാറിക്കൊണ്ടിരിക്കും. അതിന്റെ ആയുസ് എത്ര ഉണ്ടാകുമെന്നുള്ളത് ഒരു ചോദ്യമാണ്. ഏതൊരു സംഭവവും കുറേ കേട്ട് കഴിഞ്ഞാല്‍ ഒരു മടുപ്പ് വരും,’ദീപക് ദേവ് പറയുന്നു.

Content highlight: Deepak dev talks  about different music styles