Advertisement
Kerala News
'ഹിന്ദുവിരുദ്ധമെന്ന് ആര്‍.എസ്.എസ്, ഞങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ബി.ജെ.പി' എമ്പുരാനെ ചൊല്ലി ആർ.എസ്.എസ്-ബി.ജെ.പിയിൽ ഭിന്നത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 29, 10:56 am
Saturday, 29th March 2025, 4:26 pm

കോഴിക്കോട്: എമ്പുരാന്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ രണ്ട് ധ്രുവങ്ങളിലായി ആര്‍.എസ്.എസും ബി.ജെ.പിയും. എമ്പുരാനെതിരെ വ്യാപകമായി സംഘപരിവാര്‍ ആക്രമണം നടക്കുന്നതിനിടെ ആര്‍.എസ്.എസും ബി.ജെ.പിയും വ്യത്യസ്ത നിലപാടാണ് സിനിമക്കെതിരെ സ്വീകരിക്കുന്നത്.

സിനിമയിലെ ഉള്ളടക്കങ്ങള്‍ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്ന് ആര്‍.എസ്.എസ് ആരോപിക്കുന്നു. നടനും എമ്പുരാന്റെ സംവിധായകനുമായ പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കിയതെന്നും ആര്‍.എസ്.എസ് ആരോപിച്ചു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമര്‍ശനം.

2002ലെ ഗുജറാത്ത് കലാപത്തില്‍ പൃഥ്വിരാജ് ഹിന്ദുക്കളെ വിലന്മാരായി ചിത്രീകരിച്ചുവെന്നും ഉള്ളടക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ആരാധകരെ ചതിച്ചുവെന്ന് പറഞ്ഞ ഓര്‍ഗനൈസര്‍ എന്തുകൊണ്ടാണ് ഇത്രയും അനുഭവസമ്പത്തുള്ള ഒരു നടന്‍ ഇത്തരത്തില്‍ ഒരു സിനിമ തെരഞ്ഞെടുത്തതെന്നും ചോദിക്കുന്നുണ്ട്.

എന്നാല്‍ എമ്പുരാന്‍ തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നായിരുന്നു കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങള്‍. സിനിമയെ സിനിമയായി കാണണമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും പ്രതികരിച്ചത്.

എമ്പുരാനുള്ള പിന്തുണ സൗഹൃദം മാത്രമാണെന്നും മോഹന്‍ലാല്‍ തന്റെ അടുത്ത സുഹൃത്താണെന്നും സിനിമയിലെ ഉള്ളടക്കങ്ങളെ പിന്തുണക്കുന്നില്ലെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

‘സിനിമയെ സിനിമയായി കണ്ടാല്‍ മതി. അതിനുള്ള സാമാന്യബുദ്ധിയും ബോധവും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഗുജറാത്ത് കലാപം കഴിഞ്ഞിട്ട് എത്ര വെള്ളം ഒഴുകി പോയി. തങ്ങള്‍ ഒരു സിനിമയും ബഹിഷ്‌കരിച്ചിട്ടില്ല. സിനിമ കണ്ടിട്ട് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്,’ എം.ടി. രമേശിന്റെ പ്രതികരണം.

സമാനമായ പ്രതികരണമാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനും നല്‍കിയത്.

താന്‍ സിനിമ കണ്ടിട്ടില്ലെന്നും അടുത്തൊന്നും കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ സുരേന്ദ്രന്‍ എമ്പുരാന്‍ ബി.ജെ.പി ബാധിക്കുന്ന ഒന്നല്ലെന്നുമാണ് പ്രതികരിച്ചത്.

അതേസമയം ഇന്നലെ (വെള്ളി) ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എമ്പുരാനെതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്ത് കലാപം അടക്കമുള്ള വിഷയങ്ങള്‍ സിനിമയില്‍ എങ്ങനെ ഉള്‍പ്പെട്ടു എന്ന ചോദ്യമാണ് നേതാക്കള്‍ണ് ഉയര്‍ത്തിയത്.

തുടര്‍ന്ന് എമ്പുരാന്റെ സെന്‍സറിങ്ങില്‍ വീഴ്ച പറ്റിയതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍.എസ്.എസ് നോമിനികള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു വിമര്‍ശനം.

തപസ്യ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് ഉള്‍പ്പെടെ നാല് പേര്‍ക്ക് വീഴ്ച പറ്റിയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും രാജീവ് സൂചന നല്‍കിയിരുന്നു.

ഇതിനിടെ യുവമോര്‍ച്ച നേതാക്കളും എമ്പുരാന്‍ ടീമിനെതിരെ രംഗത്തെത്തിയിരുന്നു. താരത്തിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് രംഗത്തെത്തുകയായിരുന്നു.

ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജ് അവിടെ ആരൊക്കെയായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് എന്നത് അന്വേഷിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

Content Highlight: RSS and BJP are at two poles after the release of the movie Empuraan