ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. പതിനെട്ടാം സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് ഗുജറാത്ത് ടൈറ്റന്‍സ് തോറ്റിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടും 11 റണ്‍സിന്റെ തോല്‍വിയാണ് ഗില്ലിന്റെ സംഘം ഏറ്റുവാങ്ങിയത്.
അതേസമയം, എല്‍ ക്ലാസിക്കോയില്‍ ചെന്നൈയോട് നാല് വിക്കറ്റിന് പരാജയപ്പെട്ടാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. വിലക്ക് കാരണം ആദ്യ മത്സരത്തില്‍ ഇറങ്ങാതിരുന്ന ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഈ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തും. താരത്തിന്റ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയെ നയിച്ചിരുന്നത്.
മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചു വരവിനെകുറിച്ചും പ്ലെയിങ് ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ആകാശ് ചോപ്ര. പാണ്ഡ്യയുടെ അഭാവം കാരണം മുംബൈയ്ക്ക് ഒരു ക്യാപ്റ്റനെയും ഒരു ബാറ്ററെയും നഷ്ടപ്പെട്ടുവെന്നും താരം തിരിച്ചുവന്ന് മധ്യനിരയില്‍ കുറച്ചുകൂടി സ്ഥിരത കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റയാന്‍ റിക്കില്‍ടണ്ണിനെ ഒഴിവാക്കി വില്‍ ജാക്സിനെ കളിപ്പിക്കണമെന്നും റോബിന്‍ മിന്‍സിനെ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയുടെ ആദ്യ മത്സരത്തില്‍ മലയാളി താരം വിഘ്നേശ് പുത്തൂര്‍ നന്നായി പന്തെറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഒരു വലിയ കാര്യമാണ്. പാണ്ഡ്യയുടെ അഭാവം കാരണം നിങ്ങള്‍ക്ക് ഒരു ക്യാപ്റ്റനെയും ഒരു ബാറ്ററെയും നഷ്ടപ്പെട്ടു. ബാറ്റിങ് നിരയാണ് കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയത്. അവന്‍ തിരിച്ചുവന്ന് മധ്യനിരയില്‍ കുറച്ചുകൂടി സ്ഥിരത കൊണ്ടുവരേണ്ടതുണ്ട്. അവിടെ നിന്ന് കാര്യങ്ങള്‍ മാറാം.
അവന്‍ കളിക്കുന്നുണ്ടെങ്കില്‍, റയാന്‍ റിക്കില്‍ടണെയോ വില്‍ ജാക്സിനെയോ ഒഴിവാക്കാം. കഴിഞ്ഞ തവണ ഗുജറാത്തില്‍ കളിച്ചപ്പോള്‍ സെഞ്ച്വറി നേടിയതിനാല്‍ നിങ്ങള്‍ വില്‍ ജാക്സിനെ കളിപ്പിക്കണമെന്ന് ഞാന്‍ പറയും. ബെംഗളൂരുവിന് വേണ്ടി കളിക്കുമ്പോള്‍ റാഷിദ് ഖാനെതിരേ അവന്‍ സിക്സറുകള്‍ അടിച്ചിരുന്നു. അതിനാല്‍ വില്‍ ജാക്സിനെ കളിപ്പിച്ച് റിക്കില്‍ടണ്ണിനെ ഒഴിവാക്കുക. റോബിന്‍ മിന്‍സിനെ നിലനിര്‍ത്തുകയും ചെയ്യാം.
ഹാര്‍ദിക് കളിക്കുകയാണെങ്കില്‍, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരോടൊപ്പം, റീസ് ടോപ്ലിയെയും മുംബൈയ്ക്ക് കളിപ്പിക്കാന്‍ കഴിയും. ഒരു വ്യക്തി വരുന്നതിനാല്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നതാണ് ഏറ്റവും വലിയ വിഷയം. എന്റെ അഭിപ്രായത്തില്‍, ഈ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ഇതായിരിക്കും.
രണ്ടാമതായി, അവരുടെ ബൗളിങ്ങില്‍ അല്‍പ്പം ശ്രദ്ധ കേന്ദ്രീകരിക്കപ്പെടും. ആദ്യ മത്സരത്തില്‍ വിഘ്നേഷ് പുത്തൂര്‍ നന്നായി പന്തെറിഞ്ഞു. ന്യൂ ബോളില്‍ ദീപക് ചഹര്‍ ഒരു വിക്കറ്റ് നേടി. ട്രെന്റ് ബോള്‍ട്ട് ഇവിടെ നന്നായി കളിക്കുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ട്, ചിലപ്പോള്‍ ഇവിടെ പന്ത് അല്‍പ്പം സ്വിങ് ചെയ്യും. അതിനാല്‍ അത് ഉപയോഗിക്കാം.
സത്യനാരായണ രാജു കഴിഞ്ഞ തവണ കളിച്ചിരുന്നു. ഈ മത്സരത്തില്‍ അവന്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ വില്‍ ജാക്‌സ്, റയാന്‍ റിക്കില്‍ടണ്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കിയാല്‍, റീസ് റീസ് ടോപ്ലിയുടെ സാധ്യത വര്‍ധിക്കും. അവര്‍ക്ക് കോര്‍ബിന്‍ ബോഷിനെ കളിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്,’ ചോപ്ര പറഞ്ഞു.
Content Highlight: IPL 2025: MI vs GT: Former Indian Cricketer Aakash Chopra Talks About Mumbai Indians And Hardik Pandya