മലയാളത്തിന്റെ മഹാ സിനിമയാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് വെറും 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറാനും എമ്പുരാന് കഴിഞ്ഞു.
ഇപ്പോൾ എമ്പുരാൻ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ആർട്ട് ഡയറക്ടർ മോഹൻദാസ്. ചിത്രത്തിൽ മോഹൻലാലിന്റെ ഇൻട്രോയ്ക്ക് വേണ്ടി ഉപയോഗിച്ച ഹെലികോപ്റ്റർ ഉണ്ടാക്കിയതാണെന്ന് പറയുകയാണ് മോഹൻദാസ്. പെരുമ്പാവൂരിലാണ് അത് ഉണ്ടാക്കിയതെന്നും ഇപ്പോൾ ആന്റണി പെരുമ്പാവൂരിന്റെ ഗോഡൗണിൽ അതുണ്ടെന്നും മോഹൻദാസ് പറഞ്ഞു.
ചെന്നൈയിലെ സെറ്റാണ് ചിത്രത്തിൽ ഇറാഖിലെ ഒരു ടൗണായി കാണിച്ചിരിക്കുന്നതെന്നും ഒറിജിനലായിട്ടുള്ള സ്ഥലം കിട്ടുമോയെന്ന് നോക്കിയെങ്കിലും ചെലവും ബുദ്ധിമുട്ടും കാരണം സെറ്റിലേക്ക് മാറ്റുകയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻദാസ്.
‘എമ്പുരാനിലെ ഹെലികോപ്റ്റർ ഉണ്ടാക്കിയത് പെരുമ്പാവൂരിലാണ്, ഇപ്പോൾ ലാൻഡ് ചെയ്തിരിക്കുന്നതും പെരുമ്പാവൂരാണ്. അത് ആന്റണി ചേട്ടന്റെ ഗോഡൗണിൽ ഉണ്ട്. ആ ഹെലികോപ്റ്ററിന്റെ റെഫറൻസും കാര്യങ്ങളുമെല്ലാം ഗൂഗിളിൽ ഉണ്ട്. അതിൽ നിന്നെല്ലാം എടുത്താണ് നമ്മൾ ആ ഹെലികോപ്റ്റർ ചെയ്തത്.
നമ്മൾ ഒരു 3ഡി മോഡൽ ഉണ്ടാക്കി, പിന്നെ അതിന്റെ തന്നെ ഒരു മിനിയേച്ചർ മോഡൽ ഓൺലൈനിൽ നിന്ന് വാങ്ങി അതിന്റെ അനാട്ടമിയൊക്കെ മനസിലാക്കിയിട്ടാണ് അത് ചെയ്തത്. രണ്ടെണ്ണം നമ്മൾ അങ്ങനെ ചെയ്തിരുന്നു.
എന്നിട്ട് അത് ട്രെക്കിൽ കയറ്റി ലഡാക്കിൽ കൊണ്ടുപോയി അൺലോഡ് ചെയ്തു. യാത്ര ചെയ്യുമ്പോൾ അതിനിടയിൽ ഒരുപാട് തട്ടും മുട്ടുമെല്ലാം പറ്റി കേടുപാടുകളെല്ലാം പറ്റിയിരുന്നു. അതെല്ലാം വലിയ കഥയാണ്. അതുപോലെ ഇറാഖിന്റെ സെറ്റെല്ലാം നമ്മൾ ഇട്ടത് ചെന്നൈയിലാണ്.
ആ സ്ഥലം ഇന്ത്യക്ക് പുറത്തോ അല്ലെങ്കിൽ ഒറിജിനലായിട്ടുള്ള സ്ഥലം കിട്ടുമോ എന്ന കാര്യം നോക്കിയിരുന്നു. പക്ഷെ അത്രയും വലിയൊരു ഭാഗം പുറത്തുപോയി ചെയ്യേണ്ടതിന്റെ ബുദ്ധിമുട്ടും ചെലവും എല്ലാം നോക്കി നമ്മൾ ചെന്നൈയിൽ അതിന്റെ സെറ്റിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു,’ മോഹൻദാസ് പറയുന്നു.
Content Highlight: Art Director Mohandas Talks About Empuraan Movie