ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തില്‍
Kerala News
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th February 2022, 11:29 am

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്.

ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി. ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്നു.

അങ്ങനെയെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ പരസ്യ എതിര്‍പ്പ് അറിയിച്ച സി.പി.ഐയെ സി.പി.ഐ.എം കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. ലോകായുക്തയുടെ പല്ലും നഖവും പിഴുതെടുക്കുന്നതാണ് ഓര്‍ഡിനന്‍സെന്ന് ആരോപിച്ചാണ് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയത്

ഓര്‍ഡിനന്‍സിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനക്ക് വിരുദ്ധമായ അധികാരം ലോകായുക്തയ്ക്ക് നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവര്‍ണര്‍ മറുപടി നല്‍കിയെന്നാണ് വിവരം.