തിരുവനന്തപുരം: തീരദേശ മേഖലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അത് നിര്‍മിച്ചു നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും ഇതിനാവശ്യമായ നിലപാട് സ്വീകരിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. പൊന്നാനിയിലാണ് കടലാക്രമണം ഏറ്റവും രൂക്ഷമായതെന്നും ഇവിടെ കടല്‍ഭിത്തി നിര്‍മിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘പൊന്നാനിയിലാണ് കടലാക്രമണം ഏറ്റവും രൂക്ഷമായത്. അവിടെ കടല്‍ ഭിത്തി നിര്‍മാണത്തിന് ആവശ്യമായ സഹായം ചെയ്യുന്നതിലുള്ള നടപടിയെടുക്കാന്‍ ഇന്നലെ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഭവനം നഷ്ടപ്പെട്ടവര്‍ക്ക് ഭവനം നിര്‍മിച്ചുകൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഫിഷറീസ് വകുപ്പ് അത്തരം കാര്യങ്ങളില്‍ ആവശ്യമായ നിലപാട് സ്വീകരിക്കും.
നിര്‍മാണ പ്രവര്‍ത്തനം നടത്താത്തത് കൊണ്ടല്ല. അതിനായി എല്ലായിടത്തും ഞങ്ങള്‍ ഇടപെടല്‍ നടത്തുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ കുറവാണ് എല്ലായിടത്തേയും പ്രശ്‌നം. നിര്‍മാണം ആരംഭിച്ച പലയിടത്തും നിര്‍ത്തി വെക്കേണ്ട സ്ഥിതി വന്നു,’ അദ്ദേഹം പറഞ്ഞു.
പൊന്നാനി താലൂക്കിന്റെ വിവിധയിടങ്ങളില്‍ മഴയില്‍ ഇന്നലെ നാല് വീടുകളാണ് തകര്‍ന്നത്. പത്തിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശക്തമായ മഴയില്‍ തീരദേശ മേഖല പൂര്‍ണമായും വെള്ളക്കെട്ടിലായി. പൊന്നാനി ലൈറ്റ് ഹൗസ് മുതല്‍ കാപ്പിരിക്കാട് വരെയുള്ള മേഖലയില്‍ വീടുകള്‍ക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. പല ഗ്രാമീണ റോഡുകളും വെള്ളത്തിലായിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലരും ബന്ധുവീടുകളിലേക്ക് മാറി. പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലകള്‍ ഒഴികെ ഇന്ന് അവധിയില്ല.
സംസ്ഥാനത്ത് ഇതിനോടകം 50 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നാളെയോടെ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
Content Highlight: The government has the responsibility to build house for those who have lost it : Saji cherian