ന്യൂദല്‍ഹി; പ്രശസ്ത ഹോളിവുഡ് ചിത്രമായ ഗോഡ്ഫാദറിലെ ഡയലോഗുകള്‍ സുപ്രീം കോടതി വാദത്തിനിടെ പ്രയോഗിച്ച് അഭിഭാഷകന്‍. സിനിമാ ഡയലോഗിന് ബെഞ്ച് നല്‍കിയ മറുപടിയും ശ്രദ്ധേയമായിരിക്കുകയാണ്.
ജാര്‍ഖണ്ഡ് വ്യവസായിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ സഞ്ജയ് കുമാറിന്റെ കേസാണ് ഗോഡ്ഫാദര്‍ ഡയലോഗിനെ കോടതി മുറിയലെത്തിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജര്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അക്കൗണ്ടില്‍ നിന്ന് 100 കോടി രൂപ സഞ്ജയുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ആളുമാറിയാണ് ഈ പണം സഞ്ജയുടെ അക്കൗണ്ടിലേക്ക് എത്തിയത്.
എന്നാല്‍ താന്‍ മുമ്പ് നല്‍കിയിരുന്ന ബില്ലിന്‍മേലുള്ള തുകയാണെന്ന് കരുതി സഞ്ജയ് അക്കൗണ്ടില്‍ നിന്ന് കുറച്ച് തുക പിന്‍വലിച്ചു. എന്നാല്‍ പിഴവ് പറ്റിയ വിവരം മനസ്സിലാക്കിയതിനെത്തുടര്‍ന്ന് അധികൃതര്‍ ബാക്കി പണം ഉടന്‍ നല്‍കണമെന്ന് സഞ്ജയോട് ആവശ്യപ്പെടുകയും പരാതി നല്‍കുകയും ചെയ്തു.
ക്രമക്കേടിന്റെ പേരില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ സഞ്ജയ് കോടതിയെ സമീപിച്ചു. അഭിഭാഷകനായ ബാലാജി ശ്രീനിവാസനാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്.
അറസ്റ്റില്‍ നിന്ന് ഒഴിവാക്കാമെന്ന് കോടതി വിധിച്ചെങ്കിലും തിരികെ അടയ്‌ക്കേണ്ട തുക കുറച്ച് നല്‍കാന്‍ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
എന്നാല്‍ അഭിഭാഷകന്റെ വാദം കേട്ട ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തി സ്വയം കെണിയിലകപ്പെടുകയാണ് എന്ന് തമാശ രൂപേണ പറഞ്ഞു. ഇതിന് ശേഷം അഭിഭാഷകനായ ബാലാജി കോടതിയില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
‘ മൈ ലോര്‍ഡ് ഈ സാഹചര്യത്തില്‍ ഗോഡ്ഫാദറിലെ ഒരു ഡയലോഗ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- എല്ലാ ഭാഗ്യത്തിന് പിന്നിലും ഒരു വലിയ കുറ്റകൃത്യമുണ്ട്- ഇതായിരുന്നു അഭിഭാഷകന്റെ വാക്കുകള്‍.
എന്നാല്‍ ഇതിന് കോടതി ബെഞ്ച് നല്‍കിയ മറുപടിയാണ് അതിലും ശ്രദ്ധേയം.
നിങ്ങളോട് യോജിക്കാന്‍ കഴിയില്ല. കാരണം ജംഷഡ്ജി ടാറ്റ വലിയ ഭാഗ്യത്തിനുടമായാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആ ഭാഗ്യത്തിന് പിന്നില്‍ യാതൊരു കുറ്റകൃത്യവും ഇന്നുവരെ കണ്ടെത്തിയിട്ടില്ല’- ഇതായിരുന്നു കോടതിയുടെ മറുപടി.
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സഞ്ജയ് തിവാരിക്ക് അറസ്റ്റില്‍ നിന്ന് നാല് ആഴ്ചത്തെ ആശ്വാസം കോടതി അനുവദിച്ചു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.