പി. അരവിന്ദാക്ഷന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ സവ്യസാചി: ആര്‍. രാജഗോപാല്‍
DISCOURSE
പി. അരവിന്ദാക്ഷന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ സവ്യസാചി: ആര്‍. രാജഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2024, 6:42 pm

പി.അരവിന്ദാക്ഷന്‍ പുരസ്‌കാരസമര്‍പ്പണത്തില്‍ ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാല്‍ നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണ രൂപം

പി. അരവിന്ദാക്ഷന്റെ ശിഷ്യനാണ് ഞാന്‍. 1989-90 കാലഘട്ടത്തില്‍ അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇതൊരു പുരസ്‌കാരസമര്‍പ്പണ ചടങ്ങായതിനാല്‍ മറ്റൊരു പുരസ്‌കാരത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജോസഫ് പുലിസ്റ്റര്‍ എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ പത്രപ്രവര്‍ത്തകര്‍ക്കുള്ള പുലിസ്റ്റര്‍ പ്രൈസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജോസഫിനെപ്പോലെ പ്രശസ്തനല്ലാത്ത മറ്റൊരു പുലിസ്റ്റര്‍ ഉണ്ടായിരുന്നു, ആല്‍ബര്‍ട്ട് പുലിസ്റ്റര്‍. അതായത് ജോസഫിന്റെ സഹോദരന്‍.

സെല്‍ഫ് പ്രമോഷന്‍ അഥവാ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ തള്ള് എന്ന കലയില്‍ താല്‍പ്പര്യവും പ്രാവീണ്യവും ഇല്ലാത്തൊരു പത്രപ്രവര്‍ത്തകന്‍ ആയിരുന്നു ആല്‍ബര്‍ട്ട്. ജേര്‍ണലിസത്തില്‍ അദ്ദേഹത്തിന്റെ അത്രയൊന്നും അറിയപ്പെടാത്ത ഒരു സംഭാവനകളില്‍ ഒന്നായിരുന്നു ഷോര്‍ട്ട് ആന്റ് ഷാര്‍പ്പ് അല്ലെങ്കില്‍ ഹ്രസ്വവും മൂര്‍ച്ചയുള്ളതുമായ ലീഡ് അഥവാ ഇന്‍ട്രോ. നമ്മള്‍ പത്രഭാഷയില്‍ പറഞ്ഞാല്‍ ഒരു റിപ്പോര്‍ട്ടിന്റെ ആദ്യവാചകം. ആല്‍ബര്‍ട്ട് ചെറിയ വാചകങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് വരെ പലര്‍ക്കും മനസ്സിലാകാത്ത, കടിച്ചാല്‍ പൊട്ടാത്ത അമിത ഭാഷയായിരുന്നു പത്രഭാഷ. ഞാനിത് ഇവിടെ പറയാന്‍ കാരണം എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ, ആകര്‍ഷിച്ച എന്റെ ഗുരുനാഥന്റെ മുഖ്യസവിശേഷത ഇത് തന്നെയായിരുന്നു. സ്വയം പുകഴ്ത്തുവാനുള്ള വിമുഖതയും ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ എഴുതുവാനുള്ള കഴിവും. വിവാദ പത്രാധിപരും പ്രസാധകരുമായ ആല്‍ബര്‍ട്ട് പുലിസ്റ്ററുമായുള്ള പി.അരവിന്ദാക്ഷന്റെ സാമ്യതയും ഇത് മാത്രമാണ്.

ഈ രണ്ട് കഴിവുകള്‍ കൂടിച്ചേര്‍ന്ന ഒരു അപൂര്‍വ്വ മനുഷ്യനായിരുന്നു പി.അരവിന്ദാക്ഷന്‍. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും വലിയ ഹൈ പോയന്റായി കണക്കാക്കുന്നത് ധനുഷ്‌കോടിയിലെ പാമ്പന്‍ പാലം ദുരന്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങാണ്. ഒരുപക്ഷെ ഈ ദുരന്തത്തെക്കുറിച്ച് ഇന്ത്യയില്‍ അല്ല ലോകത്ത് തന്നെ ഏറ്റവും വിശദമായി റിപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമാണ്. മനോരമയിലെ മുന്‍ എഡിറ്റര്‍ തോമസ് ജേക്കബ് ‘സവ്യസാചി’ എന്ന പേരില്‍ ഈ സംഭവത്തെക്കുറിച്ച് മനോരമ ആഴ്ച്ചപതിപ്പിലെ കഥക്കൂട്ട് എന്ന പംക്തിയില്‍ എഴുതിയിരുന്നു. ഇതിനെക്കുറിച്ച് ഞാന്‍ കഴിഞ്ഞ ദിവസം തോമസ് ജേക്കബിനോട് സംസാരിക്കുകയുണ്ടായി.

കലാമിറ്റി റിപ്പോര്‍ട്ടിങ്ങില്‍ ഇന്ത്യയിലെ ഒരു ഗെയിം ചെയ്ഞ്ചര്‍ എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിങ് രീതി. ഒരു വള്ളം തുഴഞ്ഞ് കരയിലെത്തി പിന്നീട് നടന്ന് ഇന്ത്യന്‍ എക്സ്പ്രസ് ഓഫീസിലേക്കെത്തിയ ഒരു പാര്‍ട്ട് ടൈം കറസ്പോണ്ടന്റ് പറഞ്ഞ വിവരങ്ങള്‍ കേട്ട് അരവിന്ദാക്ഷന്‍ എഴുതിയ റിപ്പോര്‍ട്ടിന്റെ ആദ്യവാചകം ഇങ്ങനെയായിരുന്നു ‘ധനുഷ്‌കോടി ഈസ് നോ മോര്‍’. നേരത്തെ പറഞ്ഞ ഷോര്‍ട്ട് ആന്റ് ഷാര്‍പ്പ് ഇന്‍ട്രോയുടെ ഒരു ഉദാഹരണമാണിത്. നമ്മള്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ നിര്‍ത്താതെ എഴുതുന്നതിന് പകരം ഇത്തരം രണ്ടോ മൂന്നോ വാക്കുകളില്‍ എഴുതുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ വാക്കുകള്‍ Dhanushkodi is no more എന്നായിരുന്നു. അതിന്റെ അടുത്ത പാരഗ്രാഫില്‍ “All that remains of this booming ferry town and pilgrim centre of yesterday is a sandy strip 2,000 feet by 500 feet. Huddled on this are 3,000 people waiting for rescue, with the sea still heaving.

“An entire train was toppled into the swirling waters by Wednesday morning’s cyclone.”

അരവിന്ദേട്ടന്‍ എന്നെ പഠിപ്പിക്കുന്ന കാലത്ത് ഒരിക്കല്‍ പോലും ഈ ഇന്‍ട്രോയെപ്പറ്റി സംസാരിക്കുകയോ ഇത് എങ്ങനെയാണ് എഴുതിയതെന്ന് ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇന്നത്തെക്കാലത്ത് അങ്ങനെയൊന്ന് സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ നാട്ടിലെ യുട്യൂബ് ചാനലുകളും മറ്റ് ചാനലുകളും ഞാന്‍ എന്തോ വലിയ കാര്യം ചെയ്തമട്ടില്‍ അതിനെ ആഘോഷിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്തില്ല. അതൊരു കഴിവ് തന്നെയാണ്. ഒരു ജേണലിസ്റ്റ് ഒരിക്കലും സ്വയം ഒരു ന്യൂസ് ആവാന്‍ പാടില്ല. മറിച്ച് അവരുടെ ജോലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. ആ അടിസ്ഥാനതത്വത്തില്‍ അദ്ദേഹം ഉറച്ച് നിന്നു. 60 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ റിപ്പോര്‍ട്ട് ഇന്നും നിലനില്‍ക്കുന്നു.

ഒട്ടും പ്രവചിക്കാനാകാത്ത പലവിധം ടെക്നോളജികള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലയിലേക്ക് കടന്ന് വന്നിട്ടുണ്ട്. പക്ഷെ ‘ദ ക്രാഫ്റ്റ് ഓഫ് ജേര്‍ണലിസം’ എന്ന വെല്ലുവിളി ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്. വളരെ സൂക്ഷ്മമായും സ്പഷ്ടമായും വാക്കുകള്‍ തെരഞ്ഞെടുത്തിരുന്ന അരവിന്ദാക്ഷന്റെ ക്രാഫ്റ്റ് ഇപ്പോഴും വേണ്ട രീതിയില്‍ അവലോകനം ചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ ഈ പ്രസ് ക്ലബ് അങ്ങനെയൊരു പഠനം നടത്തുന്നതിനായി ഒരു ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയാല്‍ അത് വലിയൊരു സംഭാവന ആയിരിക്കും.

20ാം നൂറ്റാണ്ടിലെ അതികായരായിട്ടുള്ള രാഷ്ട്രീയ നേതാക്കളുമായുള്ള അരവിന്ദാക്ഷന്റെ പരിചയം പ്രസിദ്ധമാണ്. 1990ല്‍ ദ വീക്കിന് വേണ്ടി പി. അരവിന്ദാക്ഷന്‍ ഇ.കെ നായനാരുടെ ഒരു പ്രൊഫൈല്‍ എഴുതിയിരുന്നു. അത് അന്ന് വീക്കിന്റെ കവര്‍ സ്റ്റോറിയായിരുന്നു. കേരളത്തിലെ ഏതെങ്കിലും നേതാവിനെക്കുറിച്ച് ഇത്രയും ഉജ്ജ്വലമായ ഒരു പ്രൊഫൈല്‍ ഇംഗ്ലീഷില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. പോത്തന്‍ ജോസഫിന്റെ ഓവര്‍ എ കപ്പ് ഓഫ് ടീ എന്ന ഡെയ്ലി കോളം മറന്നുകൊണ്ടല്ല ഞാന്‍ പറയുന്നത്. അദ്ദേഹം നാഷണല്‍ ഇഷ്യൂസിനെയാണ് കവര്‍ ചെയ്തിരുന്നത്. എങ്കിലും അരവിന്ദാക്ഷന്റെ പോലൊരു ലേഖനം ഞാന്‍ മറ്റെവിടെയും കണ്ടിട്ടില്ല. ഈ പ്രൊഫൈല്‍ ഞാന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകന്‍ ജയനോട് ചോദിച്ച് വാങ്ങിക്കുകയുണ്ടായി.

ഒരു ലേഖനം വായിച്ച് പ്രത്യേകിച്ച് ഇംഗ്ലീഷില്‍ to fall of the chair എന്ന് പറയുന്ന മണ്ണ് കപ്പുക എന്നനുഭവം എനിക്ക് അപൂര്‍വ്വമായിട്ടെ ഉണ്ടായിട്ടുള്ളു. രണ്ട് ദിവസം മുമ്പ് സംഭവിച്ചത് അതായിരുന്നു. ആ പ്രൊഫൈല്‍ വീണ്ടും വായിച്ച് അന്തം വിട്ട് പോയി. ഇത്രയും നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അതിവിദഗ്ദമായി ഒറിജിനല്‍ റിപ്പോര്‍ട്ടിങ് അതില്‍ അലിയിച്ച് ചേര്‍ക്കാന്‍ കഴിയുന്ന ഒരി സീനിയര്‍ എഡിറ്ററും ഇന്ന് ഇന്ത്യയില്‍ ഇല്ല എന്ന് എനിക്ക് നിസംശയം പറയാന്‍ സാധിക്കും. ഇത് ഒറിജിനല്‍ റിപ്പോര്‍ട്ടിങ് എന്ന് പറയാന്‍ കാരണം വെറുമൊരു കമന്ററി റിപ്പോര്‍ട്ടിങ് അല്ലാത്തതുകൊണ്ടാണ്. ആ പംക്തിയില്‍ തന്നെ അദ്ദേഹം സുഗതകുമാരിയേയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. നായനാരുടെ ഇന്റര്‍വ്യൂ പിന്നീട് ഒട്ടേറെ പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

പറയാന്‍ പാടില്ലാത്ത ഒരു കാര്യം നായനാര്‍ പറഞ്ഞൊരു പശ്ചാത്തത്തിലാണ് അരവിന്ദാക്ഷന്‍ ആ കവര്‍സ്റ്റോറി എഴുതുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ചേര്‍പ്പിലെ വീട്ടില്‍വെച്ച് അദ്ദേഹത്തിനെ കാണുമ്പോള്‍ അരവിന്ദാക്ഷന്‍ നായനാര്‍, കരുണാകരന്‍, ജോണി ലൂക്കോസ് എന്നിവരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ ചുമരില്‍ തൂക്കിയിരുന്നു. ഒരുപക്ഷെ ആ പ്രൊഫൈലിന്റെ കോപ്പി നിങ്ങള്‍ക്ക് സാധിക്കുവാണെങ്കില്‍ അദ്ദേഹത്തിന്റെ മകനായ ജയന്റെ കൈയില്‍ നിന്ന് വാങ്ങിവെക്കണം. കാരണം അത് അമൂല്യമായ ഒരു വാട്സ്അപ്പ് ഫോര്‍വേഡ് ആയിത്തീരും .അരവിന്ദാക്ഷനെക്കുറിച്ച് തോമസ് ജേക്കബ് എഴുതിയ ലേഖനവും ജയന്റെ കൈയില്‍ കാണും. അതില്‍ അരവിന്ദാക്ഷനെപ്പറ്റി എഴുതിയ ലേഖനത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് രണ്ട് കൈകൊണ്ടും അമ്പെയ്യാന്‍ സാധിക്കുന്ന എന്നര്‍ത്ഥം വരുന്ന സവ്യസാചി എന്നാണ്. കാരണം ഇംഗ്ലീഷും മലയാളവും അദ്ദേഹം അനായാസം കൈകാര്യം ചെയ്യുമായിരുന്നു.

കെ. അച്ചുകുമാരന്റെ പാര്‍ത്ഥനിലേക്ക് സുഗമമായി വായനക്കാരനെ നയിക്കാന്‍ സാധിക്കുന്നത് അദ്ദേഹത്തിന്റെ മെയ്‌വഴക്കത്തിന് ഉദാഹരണമാണ്. ഒരുപക്ഷെ എന്റെ ഈ അനുസ്മരണത്തിലൂടെ നിങ്ങള്‍ ആരെങ്കിലും അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ഗഹനമായ ഒരു പഠനം നടത്തുകയാണെങ്കില്‍ ശിഷ്യന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാവും അത്.

Content Highlight: The full text of the Commemorative Speech delivered by Telegraph Editor at Large R. Rajagopal at the P. Aravindakshan Award Ceremony