Advertisement
Kerala News
മരിച്ചവരായി കണക്കാക്കുന്നതിന്റെ ആദ്യഘട്ടം; വയനാട് ദുരന്തത്തില്‍ കാണാതായവരുടെ ലിസ്റ്റിന് അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 21, 02:20 am
Tuesday, 21st January 2025, 7:50 am

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ ലിസ്റ്റിന് അംഗീകാരം. കാണാതായ 32 പേരടങ്ങുന്ന ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.

കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ലിസ്റ്റിന് അംഗീകാരം ലഭിച്ചത്.

വെള്ളരിമല വില്ലേജ് ഓഫീസര്‍, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് കാണാതായവരുടെ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കിയത്.

പ്രസ്തുത ലിസ്റ്റ് ഇനി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സംസ്ഥാന സമിതിയും അംഗീകരിക്കണം.

അതിനുശേഷമായിരിക്കും ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മരിച്ചവരായി കണക്കാക്കുക. തുടര്‍ന്ന് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം അടക്കമുള്ള അനുകൂല്യങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ കഴിയും.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 298 ആളുകളാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടത്. ലിസ്റ്റ് അംഗീകരിക്കപ്പെടുന്നതോടെ ഇത് കണക്കില്‍ വര്‍ധനവുണ്ടാകും.

2024 ജൂലൈ 30ന് പുലര്‍ച്ചെയോടെയാണ് വയനാട്, വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരല്‍മല, വെള്ളരിമല വില്ലേജുകളില്‍ ഉരുള്‍പൊട്ടലുണ്ടായത്.

ദുരന്തത്തില്‍ 397 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായാണ് മുണ്ടക്കൈ ദുരന്തത്തെ കണക്കാക്കുന്നത്. അടുത്തിടെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു.

കല്‍പ്പറ്റയിലും നെടുമ്പാലയിലുമായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുക. ടൗണ്‍ഷിപ്പിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ജനുവരി 25നകം ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് സര്‍ക്കാര്‍ പുറത്തുവിടും. നേരത്തെ ഒരു കരട് പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ സര്‍ക്കാര്‍ കരട് പട്ടിക റദ്ദാക്കുകയും ചെയ്തിരുന്നു. കിഫ്ബി വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. കിഫ്‌കോണ്‍ ആണ് നിര്‍മാണ ഏജന്‍സി. നിര്‍മാണ കരാര്‍നിര്‍ദേശം ഊരാളുങ്കലിനുമാണ് ലഭിച്ചത്.

Content Highlight: The first phase of being considered dead; The list of those missing in the Wayanad disaster has been approved