'ഓറാ ഓറാ നാടകക്കാറാ'; മഹാമാരിക്കാലത്തെ നാടക സംഘര്‍ഷങ്ങളെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെ തിയറ്റര്‍ സോംഗ്
Entertainment
'ഓറാ ഓറാ നാടകക്കാറാ'; മഹാമാരിക്കാലത്തെ നാടക സംഘര്‍ഷങ്ങളെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെ തിയറ്റര്‍ സോംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 12:07 pm

‘ഈ കൊടും പനി വേഗമൊന്ന് തീരണേ….
പേടിക്കണ്ട,
കാണി പൂക്കും കാലം… വീണ്ടും പൂത്തുപുലയും…
തിരശ്ശീല… ചിരി ചിരിച്ചു ചിരി വിരിച്ചുയരും…’

മഹാമാരിക്കാലത്ത് അരങ്ങുകളും ആള്‍ക്കൂട്ടങ്ങളുമില്ലാതായതോടെ ചിതറിത്തെറിച്ചുപോയ നാടകലോകത്തിന്റെ സന്നിഗ്ധാവസ്ഥകളെയും നാടകകലാകാരന്‍മാരുടെ ജീവിത സംഘര്‍ഷങ്ങളെയും അടയാളപ്പെടുത്തുകയാണ് ഡ്രാഓ എന്ന മലയാളത്തിലെ ആദ്യത്തെ തിയറ്റര്‍ സോംഗ്.

വിവിധ വര്‍ണങ്ങളിലുള്ള രംഗവെളിച്ചങ്ങളില്‍ പലതരം വേഷപ്പകര്‍ച്ചകളില്‍ പല ഭാവങ്ങളില്‍ അരങ്ങിലെത്തിയ കഥാപാത്രങ്ങളുടെ വ്യത്യസ്തമായ പ്രകടനങ്ങളിലൂടെയാണ് ഡ്രാഓ മുന്നോട്ടുപോകുന്നത്.

എന്താണ് നാടകമെന്നും, നാടക കലാകാരന്‍മാരുടെ ജീവിതമെങ്ങിനെയാണെന്നും കൃത്യമായി സംബോധന ചെയ്യുന്ന വരികള്‍ക്ക് മികച്ച ദൃശ്യാനുഭവമാണ് ഡ്രാഓ നല്‍കിയിരിക്കുന്നത്. നാടക സംവിധായകന്‍ വിജേഷ് കെ.വി സംവിധാനം ചെയ്ത ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

‘ഓറാ… ഓറാ… നാടകക്കാറാ…’ എന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ നാടകകൃത്തും സംവിധായകനുമായിരുന്ന പി.എം താജിന് സമര്‍പ്പിച്ചുകൊണ്ടാണ് ഡ്രാഓ ആരംഭിച്ചിരിക്കുന്നത്. ദ ക്യൂവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡ്രാഓ റിലീസ് ചെയ്തിരിക്കുന്നത്.

കോഴിക്കോട്ടെ നിരവധി നാടകകലാകാരന്‍മാരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. അക്ഷയ് ദിനേഷ് ആണ് സഹസംവിധാനം. തനൂജ് വരികള്‍ക്ക് ഈണം നല്‍കിയപ്പോള്‍ അശ്വിന്‍ ആര്‍.എം ആണ് ഗാനമാലപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The First Malayalam Theatre  Song – Drao – Vijesh KV