മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. ക്രിക്കറ്റിലേക്ക് തിരിച്ച് വരവിനൊരുങ്ങി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഐ.പി.എല്‍ ടീമിനൊപ്പം ചേര്‍ന്നു. മുംബൈ ഇന്ത്യന്‍സ് മാനേജ്മന്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലൂടെയാണ് ബുംറ ടീമിനൊപ്പം ചേര്‍ന്നത് അറിയിച്ചത്.
ഏപ്രില്‍ പകുതിയോടെ മാത്രമേ ബുംറ മുംബൈക്കൊപ്പം ചേരുകയുള്ളൂ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് താരം ടീമിനൊപ്പം ചേര്‍ന്നുവെന്ന് മാനേജ്‌മെന്റ് അറിയിച്ചത്. ഗെയിംസ് ഓഫ് ത്രോണ്‍സ് തീമിലുള്ള ഒരു വീഡിയോയിലൂടെയാണ് ബുംറയുടെ വരവ് മുംബൈ വെളിപ്പെടുത്തിയത്.
‘റെഡി ടു റോര്‍’ എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബുംറയുടെ പങ്കാളി സഞ്ജന ഗണേശന്‍ മകന്‍ അഗദിനോട് കഥ പറയുന്ന രീതിയിലാണ് താരത്തിന്റെ തിരിച്ച് വരവ് അവതരിപ്പിക്കുന്നത്.
‘2013 ല്‍, റണ്‍സും സിക്‌സറുകളും ബൗണ്ടറികളും നിറഞ്ഞ ഒരു കാട്ടിലേക്ക് ഒരു സിംഹകുട്ടി പ്രവേശിച്ചു. എല്ലാവരും ഭയന്നിരുന്നിടത്ത്, അവന്‍ ധൈര്യം കാണിച്ചു. വര്‍ഷങ്ങളായി, അവന്‍ നിരവധി യുദ്ധങ്ങള്‍ നടത്തി. അതിജീവനത്തിനും അഭിമാനത്തിനും വേണ്ടി അവന്‍ പോരാടി.
അവന്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തു, പക്ഷേ ഒരിക്കലും തളര്‍ന്നില്ല. ഈ യുദ്ധങ്ങള്‍ അവനില്‍ മുറിവുകള്‍ അവശേഷിപ്പിച്ചു, പക്ഷേ ഈ മുറിവുകള്‍ അവനെ നശിപ്പിച്ചില്ല. ഒരിക്കല്‍ അവന്‍ ഒരു സിംഹ കുട്ടിയായിരുന്നു, ഇപ്പോള്‍ ഒരു സിംഹമായി. സിംഹം തിരിച്ചെത്തി. അവന്‍ വീണ്ടും കാട്ടിലെ രാജാവാകാന്‍ തിരിച്ചെത്തി,’ വീഡിയോയില്‍ പറഞ്ഞു.
𝑹𝑬𝑨𝑫𝒀 𝑻𝑶 𝑹𝑶𝑨𝑹 🦁#MumbaiIndians #PlayLikeMumbai #TATAIPL pic.twitter.com/oXSPWg8MVa
— Mumbai Indians (@mipaltan) April 6, 2025
ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ പരിക്ക് കാരണം ബുംറയ്ക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് താരത്തിന് പരിക്കേറ്റത്. സിഡ്നിയിലെ അവസാന ടെസ്റ്റിനിടെ പുറം വേദന ബുംറയെ അലട്ടുകയായിരുന്നു. തുടര്‍ന്ന് ബി.സി.സി.ഐയുടെ ബെംഗളൂരുവിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ താരം ചികിത്സ തേടി.
പരിക്കിനെ തുടര്‍ന്ന് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും താരത്തിന് നഷ്ടമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും മെഡിക്കല്‍ ടീം വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ താരത്തെ ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ ബി.സി.സി.ഐയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് ബുംറ മുംബൈ ക്യാമ്പില്‍ ചേര്‍ന്നത്.
അതേസമയം, ഏപ്രില്‍ ഏഴിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. എന്നാല്‍, ഈ മത്സരത്തില്‍ താരം ഇറങ്ങാന്‍ സാധ്യത കുറവാണ് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ഏപ്രില്‍ 13ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരിക്കും ബുംറ ഫീല്‍ഡിലേക്ക് തിരിച്ചെത്തുക.
Content Highlight: IPL 2025: Mumbai Indians Announces The Return Of Star Pacer Jasprit Bumrah In To IPL