IPL
പച്ചയിലടിച്ചു, ഇപ്പോള്‍ ചുവപ്പിലും! രാജസ്ഥാനെതിരെ വീശിയടിച്ച കൊടുങ്കാറ്റില്‍ തരിപ്പണമായത് സാക്ഷാല്‍ ക്രിസ് ഗെയ്‌ലും ബാബര്‍ അസവും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 24, 03:56 pm
Thursday, 24th April 2025, 9:26 pm

രാജസ്ഥാന്‍ റോയല്‍സിനെതിരായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി വിരാട് കോഹ്‌ലി. സീസണില്‍ നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫിഫ്റ്റിയടിച്ച വിരാട് ഇപ്പോള്‍ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലും അര്‍ധ സെഞ്ച്വറി പൂര്‍തിതിയാക്കിയിരിക്കുകയാണ്.

ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഗ്രീന്‍ ജേഴ്‌സിയണിഞ്ഞാണ് ബെംഗളൂരു കളത്തിലിറങ്ങിയത്. 45 പന്ത് നേരിട്ട് പുറത്താകാതെ 62 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. ചിന്നസ്വാമിയിലാകട്ടെ 42 പന്ത് നേരിട്ട് രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 70 റണ്‍സാണ് കിങ് കോഹ് ലി അടിച്ചെടുത്തത്.

 

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ രണ്ട് തകര്‍പ്പന്‍ റെക്കോഡുകളാണ് വിരാട് സ്വന്തമാക്കിയത്. മുന്‍ സഹതാരവും ആര്‍.സി.ബി ഹോള്‍ ഓഫ് ഫെയ്മറുമായ ക്രിസ് ഗെയ്‌ലിനെയും പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനെയും മറികടന്നാണ് വിരാട് ഈ രണ്ട് നേട്ടങ്ങള്‍ കുറിച്ചത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് വിരാട് ക്രിസ് ഗെയ്‌ലിനെ മറികടന്നത്. ഇത് 111ാം തവണയാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ വിരാടിന്റെ ബാറ്റ് 50+ സ്‌കോര്‍ സ്വന്തമാക്കുന്നത്.

ഈ റെക്കോഡില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് വിരാട്. 117 തവണ അമ്പതിലധികം റണ്‍സടിച്ച ഓസീസ് ലെജന്‍ഡ് ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ ഒന്നാമന്‍.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 50+ റണ്‍സ് നേടിയ താരങ്ങള്‍

(താരം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

ഡേവിഡ് വാര്‍ണര്‍ – 117

വിരാട് കോഹ്‌ലി – 111*

ക്രിസ് ഗെയ്ല്‍ – 110

ബാബര്‍ അസം – 101

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണെങ്കിലും അടുത്ത റെക്കോഡില്‍ ബാബറിനെ മറികടന്ന് ഒന്നാമതാണ് വിരാട്. ഫസ്റ്റ് ബാറ്റ് ചെയ്ത് ഏറ്റവുമധികം തവണ 50+ റണ്‍സടിച്ച താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.

ടി-20യില് ആദ്യം ബാറ്റ് ചെയ്ത് ഏറ്റവുമധികം 50+ സ്‌കോര്‍ സ്വന്തമാക്കിയ താരങ്ങള്‍

(താരം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 62*

ബാബര്‍ അസം – 61

ക്രിസ് ഗെയ്ല്‍ – 57

ഡേവിഡ് വാര്‍ണര്‍ – 55

മത്സരത്തില്‍ വിരാട് കോഹ്‌ലിക്ക് പുറനെ ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 27 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 50 റണ്‍സാണ് താരം നേടിയത്.

ഇരുവരുടെയും കരുത്തില്‍ ആര്‍.സി.ബി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി.

രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വാനിന്ദു ഹസരങ്കയും ജോഫ്രാ ആര്‍ച്ചറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.

 

Content Highlight: IPL 2025: RR vs RCB: Virat Kohli scored 111th 50+ score in T20s