ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. എക്‌സ് പോസ്റ്റിലൂടെയാണ് മഹുവ മൊയ്ത്ര ഇക്കാര്യം പറഞ്ഞത്.
മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കില്‍ ആഭ്യന്തര മന്ത്രിക്ക് മാധ്യമങ്ങളില്‍ നിന്നും ഇന്റലിജന്‍സ് പരാജയത്തെ കുറിച്ചുള്ള ചില കടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുമായിരുന്നുവെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. എന്നാല്‍ ഇവിടെ ഗോദി മീഡിയ അമിത് ഷായെ ദൈവമായി ചിത്രീകരിക്കുന്ന തിരക്കിലാണെന്നും മഹുവ മൊയത്ര പറഞ്ഞു.
ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദി ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ബന്ധം ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Content Highlight: If it was any other country, the media would have questioned the Home Minister, but here the Godi media is busy deifying Amit Shah: Mahua Moitra