തിരുവനന്തപുരം: സി.പി.ഐ.എമ്മിനെ നയിക്കാൻ എം.എ. ബേബി. എം.എ. ബേബിയെ സി.പി.ഐ.എം ജനറൽ സെക്രട്ടറിയാക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം. എ. ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിർദേശിച്ചത്. ഇ.എം.എ.സിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എം.എ. ബേബി.
അതേസമയം 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നൽകി. കേന്ദ്ര കമ്മിറ്റിയില്‍ 17 വനിതകളാകും ഉണ്ടാവുക. കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രായം 75 തന്നെയാണ്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ശ്രീമതി ടീച്ചര്‍ക്കും ഇളവുണ്ട്.
കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മുഹമ്മദ് റിയാസിനെ മാത്രമായിരിക്കും പുതുതായി ഉള്‍പ്പെടുത്തുക. പടിയിറങ്ങുന്ന പ്രകാശ് കാരാട്ടും വൃന്ദയും സി.സിയിൽ പ്രത്യേക ക്ഷണിതാക്കളാകും.
പാർട്ടിയുടെ സാംസ്‌കാരിക ദാർശനിക മുഖമാണ് എം. എ. ബേബി. കൊല്ലം എസ് എൻ കൊളജിൽ നിന്ന് തുടങ്ങിയ സംഘടനാ പ്രവർത്തനം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ ആക്കിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിൻഗാമിയായിട്ടാണ് എം.എ. ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
1954 ഏപ്രിൽ അഞ്ചിന് കൊല്ലം പ്രാക്കുളത്ത് അധ്യാപകനായിരുന്ന കുന്നത്ത് പി. എം. അലക്‌സാണ്ടറുടേയും ലില്ലിയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയവനായായിരുന്നു എം എ ബേബിയുടെ ജനനം. പ്രാക്കുളം എൻ. എസ്. എസ് ഹൈസ്‌ക്കൂളിലും കൊല്ലം എസ്. എൻ. കോളജിലുമായിരുന്നു അദ്ദേഹത്തിന്റെ പഠിച്ചത്.
കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ ബേബി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളിൽ സജീവമായിരുന്നു. 1975ൽ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായ ബേബി 1979ൽ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു.
1986ൽ 32-ാം വയസിൽ രാജ്യസഭാംഗമായ എം.എ ബേബി 1992-1998 കാലയളവിലും രാജ്യസഭാംഗമായിരുന്നു. 1987-ൽ ഡി.ഐ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. 1989ൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും 1992ൽ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായി. 2002ൽ സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ എം. എ. ബേബി 2006ലും 2011ലും കുണ്ടറയിൽ നിന്നും നിയമസഭാംഗമായി.
2012 മുതൽ എം. എ. ബേബി പി.ബിയിലുണ്ട്. സംസ്‌കാരിക നായകന്മാരെ പാർട്ടിയോട് അടുപ്പിക്കുന്നതിൽ നിർണായകസ്ഥാനം വഹിച്ചിട്ടുള്ള എം.എ. ബേബി മാനവീയം പരിപാടിയുടെ മുഖ്യസംഘാടകനുമായിരുന്നു. സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവൽക്കരിക്കുന്നതിൽ മുൻകൈയെടുത്ത എം. എ. ബേബി തന്നെയാണ് കൊച്ചി മുസിരിസ് ബിനാലെ യാഥാർത്ഥ്യമാക്കുന്നതിന് പിന്നിലും പ്രധാന ഇടപെടലുകൾ നടത്തിയത്.
Content Highlight: M.A. Baby to lead CPI(M); Malayali to become General Secretary after EMS