നോക്കുകൂലി പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി
തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച് പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ ഉണ്ട്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നുണ്ട്.
സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
നേരത്തെ നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഹെക്കോടതി നിര്‍ദേശിച്ചത്.
നോക്കുകൂലി ആവശ്യപ്പെടുന്ന വ്യക്തികള്‍, യൂണിയനുകള്‍, യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശിച്ചിരുന്നു.