ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. മധ്യപ്രദേശിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്ന ഒരു പോസ്റ്റ് മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ചിത്രത്തില്‍ ഇന്ത്യന്‍ താരങ്ങളായ കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ ആണുള്ളത്. എന്നാല്‍ ഇതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഇല്ല. പിന്നാലെ ചിത്രത്തില്‍ രോഹിത് ശര്‍മയുടെ ഫോട്ടോ ഉള്‍പ്പെടുത്താത്തതിനെതിരെ ആരാധകര്‍ ശക്തമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
അടുത്തിടെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് മാറ്റിയിരുന്നു. രോഹിത്തിന് പകരം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയെയായിരുന്നു മുംബൈ പുതിയ നായകനായി നിയമിച്ചത്.
മുംബൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത നായകനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയതിനെതിരെ ആരാധകരില്‍ നിന്നും ധാരാളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുനിന്നിരുന്നു. പുതിയ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുമാണ് ഹര്‍ദിക്കിനെ മുംബൈ വീണ്ടും പഴയ തട്ടകത്തില്‍ എത്തിച്ചത്.
അതേസമയം ജനുവരി 25നാണ് ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്ക് തുടക്കം കുറിക്കുക. രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദിയാവുക.