ഹൽദ്വാനി സംഘർഷം; വർഷങ്ങളായി തുടരുന്ന മുസ്‌ലീം വിരുദ്ധ പ്രചാരണങ്ങളുടെ ഫലമെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്
India
ഹൽദ്വാനി സംഘർഷം; വർഷങ്ങളായി തുടരുന്ന മുസ്‌ലീം വിരുദ്ധ പ്രചാരണങ്ങളുടെ ഫലമെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 1:31 pm

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ആറ് പേർ കൊല്ലപ്പെട്ട പൊലീസ് വെടിവെപ്പും സംഘർഷങ്ങളും പെട്ടെന്നുണ്ടായതല്ലെന്ന് വസ്തുതാന്വേഷണ കമ്മിറ്റി റിപ്പോർട്ട്. ഫെബ്രുവരി എട്ടിനാണ് ഹൽദ്വാനിയിൽ കലാപം പൊട്ടി പുറപ്പെട്ടത്. അസോസിയേഷൻ ഫോർ പ്രൊട്ടക്ട് സിവിൽ റൈറ്റ്‌സ്, കാരവാൻ-ഇ-മൊഹബത്ത്, പൗരാവകാശ പ്രവർത്തകൻ സാഹിദ് ഖാദ്രി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

ഫെബ്രുവരി 14ന് ഹൽദ്വാനി സന്ദർശിച്ചതിന് ശേഷമാണ് സംഘം റിപ്പോർട്ട് തയാറാക്കിയത്. വർഷങ്ങളായി തുടർന്ന് വരുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെയും കുടിയൊഴിപ്പിക്കൽ നടപടികളുടെയും തുടർച്ചയാണ് ഹൽദ്വാനിയിൽ നടന്ന കലാപമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഔദ്യോ​ഗിക കണക്ക് പ്രകാരം മരണ സംഖ്യ ആറാണെങ്കിലും യഥാർഥ കണക്ക് ഇതിനേക്കാൾ കൂടാനിടയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഉത്തരാഖണ്ഡിൽ സാമുദായിക പ്രശ്‌നങ്ങൾ ക്രമാതീതമായി വർധിച്ചതാണ് മുസ്‌ലീംകളെ സാമ്പത്തികമായും സാമൂഹികമായും വേട്ടയാടുന്നതിനും അവരെ കുടിയൊഴിപ്പിക്കുന്നതിലേക്കും നയിച്ചതെന്ന് റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു.

സർക്കാർ ഭൂമി കയ്യേറി നിർമിച്ചെന്നാരോപിച്ച് പള്ളികളും മദ്രസകളും പൊളിച്ച് നീക്കുകയായിരുന്നു. എന്നാൽ അനധികൃതമായി നിർമിച്ച ഹിന്ദുമത ആരാധനാലയങ്ങൾക്കെതിരെ സർക്കർ മനഃപൂർവ്വം മൗനം പാലിച്ചെന്നും റിപ്പോർട്ടിൽ പറഞ്ഞു.

വീടുകളും കടകളും ഒഴിപ്പിക്കുന്നതും കുടിയേറ്റക്കാരോട് സംസ്ഥാനം വിട്ട് പോകാൻ ഭീഷണിപ്പെടുത്തുന്നതും ഇപ്പോഴും തുടരുകയാണ്. 3000ത്തോളം മുസ്‌ലീം ദർഗകൾ നശിപ്പിച്ചത് സർക്കാരിന്റെ നേട്ടമായി പ്യഖ്യാപിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അക്രമത്തിൽ മനഃപൂർവ്വം മൗനം പാലിച്ചെന്നും റിപ്പോർട്ടിൽ വിമർശനമുയർന്നു.

അതേസമയം അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഹൽദ്വാനിയിൽ ഏർപ്പെടുത്തിയ കർഫ്യൂ താത്കാലികമായി പിൻവലിച്ച് പൊലീസ് ഉത്തരവിറക്കി. കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കെയാണ് പൊലീസ് അകമ്പടിയോടെ ഹൽദ്വാനിയിൽ മദ്രസകളും പള്ളികളും പൊളിച്ച് മാറ്റാൻ തുടങ്ങിയത്. ബുൾഡോസറുകൾ തടയാനെത്തിയ സ്ത്രീകളെ പൊലീസ് മർദിക്കുയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Contant Highlight: The fact-finding report says that the clashes in Haldwani were not sudden