കോഴിക്കോട്: ഐ.എസുമായി ബന്ധപ്പെട്ട 24 ന്യൂസിന്റെ വാര്‍ത്തയില്‍ തന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ മതപ്രാസംഗികന്‍ എം.എം. അക്ബര്‍.
അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല എന്ന തലക്കെട്ടിലുള്ള വാര്‍ത്തയില്‍ 24ന്യൂസിന്റെ വെബില്‍ തന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചത് മാനഹാനിയും പ്രയാസവും ഉണ്ടാക്കിയെന്ന് എം.എം. അക്ബര്‍ പറഞ്ഞു.
അബദ്ധം മനസ്സിലായ ഉടന്‍ ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് ഫോട്ടോ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഇപ്പോഴും സോഷ്യല്‍ മീഡിയ വഴി തല്‍പരകക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തെക്കുറിച്ച വാര്‍ത്തയില്‍ എന്റെ ഫോട്ടോ അച്ചടിക്കുക വഴി ചാനല്‍ ചെയ്തിരിക്കുന്നത് വലിയ സാമൂഹ്യദ്രോഹമാണ്; എനിക്ക് വ്യക്തിപരമായി ഉണ്ടായ മാനഹാനിയും പ്രയാസവും വളരെ വലുതാണ്. എന്നാല്‍ 24 ന്യൂസ് തന്നെ ഖേദപ്രകടനം നടത്താന്‍ സന്നദ്ധമാവുകയും ചെയ്തിട്ടുണ്ട്.
ചാനലിന്റെ ഉത്തരവാദപ്പെട്ടവര്‍ എന്നെ വ്യക്തിപരമായി വിളിച്ച് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് സംഭവിച്ച ഒരു അബദ്ധത്തിന്റെ പേരില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ എം.എം അക്ക്ബര്‍ പറഞ്ഞു.
അതേസമയം, ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ എത്തിച്ചു എന്ന വാര്‍ത്തയില്‍ എം.എം. അക്ബറിന്റെ ഫോട്ടോ തെറ്റായിക്കൊടുത്തതില്‍ 24 ക്ഷമാപണവുമായി രംഗത്തെത്തി. സാങ്കേതിക പിഴവ് കാരണം കടന്നുകൂടിയ ചിത്രം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നീക്കം ചെയ്യുകയും ചെയ്‌തെന്നും എം.എം. അക്ബറിന്റെ ചിത്രം ഉള്‍പ്പെട്ടത് മനപൂര്‍വ്വമല്ലാതെ സംഭവിച്ച പിഴവാണെന്നും 24 ന്യൂസ് എഡിറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.