ദല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന; പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ദല്‍ഹി ഹൈക്കോടതി
national news
ദല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന; പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st December 2023, 10:39 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ദല്‍ഹി ഹൈക്കോടതി. പ്രതികളായ ഷദാബ് അഹമ്മദിന്റെയും സലിം മാലിക്കിന്റെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഷദാബ് അഹമ്മദ് 90 ദിവസത്തില്‍ കുറയാത്ത ഇടക്കാല ജാമ്യം കോടതിയില്‍ ആവശ്യപെട്ടിരുന്നു. അതേസമയം പിതാവെന്ന നിലയില്‍ അഹമ്മദിനോടുള്ള തന്റെ കടമകള്‍ നിറവേറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സലിം മാലിക് ആറാഴ്ചത്തേക്ക് ജാമ്യം ആവശ്യപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി.

ജയിലില്‍ അഹമ്മദിന് കൃത്യമായ പരിചരണവും ചികിത്സയും മരുന്നുകളും ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു.

പ്രതിയെ സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലില്‍ എത്തിച്ച് ഡോക്ടര്‍മാര്‍ എല്ലാ രീതിയിലുള്ള പരിശോധനകളും നടത്തിയതായും കോടതി വ്യക്തമാക്കി.

ശസ്ത്രക്രിയയോ മറ്റോ ആവശ്യമായി വരുന്ന തരത്തിലുള്ള രോഗമല്ലെന്നും പ്രതി സുഖം പ്രാപിച്ചുവരികയാണെന്നും ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജിയായ അമിതാഭ് റാവത്ത് ഹരജി തള്ളി.

മകന്റെ സെമസ്റ്റര്‍ ഫീസ് അടക്കേണ്ടതുണ്ടെന്നും രോഗിയായ മറ്റൊരു മകനെ കാണേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി മാലിക് നല്‍കിയ ഇടക്കാല ജാമ്യാപേക്ഷയില്‍ കോടതി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: The Delhi High Court rejected the interim bail plea of ​​the accused who were behind the Delhi riots