Advertisement
Entertainment
ആദ്യത്തെ കുറച്ച് മാസങ്ങളില്‍ രേവതിയെന്ന് വിളിച്ചാല്‍ ഞാന്‍ തിരിഞ്ഞു പോലും നോക്കില്ലായിരുന്നു: രേവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 01:07 pm
Thursday, 24th April 2025, 6:37 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രേവതി. 1983ല്‍ പുറത്തിറങ്ങിയ മന്‍ വാസനൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് വരുന്നത്.

അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെയാണ് രേവതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. പിന്നീട് തെലുങ്കിലും അഭിനയിക്കാന്‍ അവര്‍ക്ക് സാധിച്ചു.

തന്റെ കരിയറില്‍ മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിരവധി മികച്ച സിനിമകളുടെ ഭാഗമായ നടി കൂടിയാണ് രേവതി. എന്നാല്‍ നടിയുടെ യഥാര്‍ത്ഥ പേര് ആശ എന്നായിരുന്നു.

ആദ്യ ചിത്രമായ മന്‍ വാസനൈയുടെ സമയത്ത് സംവിധായകന്‍ പി. ഭാരതിരാജയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ആശ എന്ന പേര് മാറ്റി രേവതി എന്നാക്കുന്നത്. ഇപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് രേവതി.

‘എനിക്ക് രേവതി എന്ന പേര് വെയ്ക്കുമ്പോള്‍ ഞാന്‍ ഒരുപാട് കരഞ്ഞിരുന്നു. എനിക്ക് ആ പേര് ഒട്ടും ഇഷ്ടമായിരുന്നില്ല. എന്റെ പേര് മാറ്റാന്‍ തന്നെ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എന്റെ അമ്മയും അച്ഛനും വെച്ച പേര് ആശ എന്നാണ്.

എന്തിനാണ് എന്റെ ആ പേര് മാറ്റുന്നത് എന്ന് ഞാന്‍ ചോദിച്ചിരുന്നു. ‘ആശ എന്ന പേരില്‍ സിനിമയില്‍ ഒരുപാട് ആളുകളുണ്ട്. ആശ ബോസ്‌ലിയുണ്ട്, ആശ പരേഗുണ്ട്. അങ്ങനെ കുറേ ആശമാരുണ്ട്. അവരൊക്കെ ഹിന്ദിയില്‍ അഭിനയിക്കുന്ന ആളുകളാണ്. അതുകൊണ്ട് ആശയെന്ന പേര് കൊണ്ട് കാര്യമില്ല’ എന്നായിരുന്നു പറഞ്ഞത്.

എനിക്ക് ആ പേര് മാറ്റേണ്ടെന്ന് ഞാന്‍ ഒരുപാട് തവണ പറഞ്ഞതാണ്. അവസാനം ആശ മാറ്റി രേവതിയെന്നാക്കി. അത് പേപ്പറിലും വന്നു. ഞാനും രേവതിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് തന്നെയായിരുന്നു ഞാന്‍ അപ്പോഴും പറഞ്ഞത്.

പക്ഷെ പിന്നെ ഞാന്‍ അത് എന്‍ജോയ് ചെയ്തു. ഫാമിലിയും ഫ്രണ്ട്‌സും ആശ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. പുറത്ത് മാത്രമാണ് എന്നെ രേവതിയെന്ന് വിളിച്ചത്. ആദ്യത്തെ കുറച്ച് മാസങ്ങള്‍ എന്നെ ആരെങ്കിലും രേവതിയെന്ന് വിളിച്ചാല്‍ ഞാന്‍ തിരിഞ്ഞു പോലും നോക്കില്ലായിരുന്നു,’ രേവതി പറയുന്നു.

Content Highlight: Revathi Talks About Her Old Name Aasha