Advertisement
Sports News
മൂന്ന് മാസം, യുവരാജ് മനസ്സുവെച്ചാല്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ അടുത്ത ക്രിസ് ഗെയ്‌ലാക്കി മാറ്റാം; തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 24, 01:24 pm
Thursday, 24th April 2025, 6:54 pm

ഇന്ത്യന്‍ ലെജന്‍ഡ് യുവരാജ് സിങ്ങിന്റെ ശിക്ഷണത്തില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് ഉയരങ്ങളിലെത്താന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിങ്. ക്രിക്കറ്റ് നെക്‌സിറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യുവരാജ് സിങ്ങിന്റെ പിതാവ് കൂടിയായ യോഗ്‌രാജ് സിങ്.

‘അര്‍ജുനെ കുറിച്ച് പറയുകയാണെങ്കില്‍ ബൗളിങ്ങിനേക്കാള്‍ കൂടുതല്‍ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ അവനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവരാജ് സിങ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകനെ മൂന്ന് മാസം തന്റെ ചിറകിനുള്ളില്‍ സംരക്ഷിച്ചാല്‍, എനിക്ക് ഉറപ്പുണ്ട്, അവനെ അടുത്ത ക്രിസ് ഗെയ്‌ലാക്കി മാറ്റാന്‍ സാധിക്കും.

 

ഒരു ബൗളര്‍ക്ക് പരിക്കേറ്റാല്‍ ഫലപ്രദമായ രീതിയില്‍ പന്തെറിയാന്‍ സാധിക്കില്ല. കുറച്ചുകാലത്തേക്ക് അര്‍ജുനെ യുവരാജിന് കൈമാറണമെന്ന് ഞാന്‍ കരുതുന്നു,’ യോഗ്‌രാജ് സിങ് പറഞ്ഞു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിങ്ങിനോട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ പരിശീലിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

നേരത്തെ യോഗ്‌രാജ് സിങ്ങിന് കീഴില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പരിശീലനം നടത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് രഞ്ജി ട്രോഫിയില്‍ മുംബൈയില്‍ നിന്നും ഗോവയിലേക്ക് തട്ടകം മാറ്റിയപ്പോഴാണ് അര്‍ജുന്‍ യോഗ്‌രാജിന്റെ കീഴില്‍ കുറച്ച് കാലത്തേക്ക് പരിശീലനം നടത്തിയത്.

ഗോവയ്ക്കായി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി അര്‍ജുന്‍ ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

സ്വന്തം അച്ഛനെക്കൊണ്ട് പോലും നിയന്ത്രിക്കാന്‍ സാധിക്കാതിരുന്ന അഭിഷേക് ശര്‍മയെ നേരെയാക്കിയെടുത്തത് യുവരാജ് സിങ്ങാണെന്ന് യോഗ്‌രാജ് നേരത്തേ അവകാശപ്പെട്ടിരുന്നു. അഭിഷേകിന്റെ ലേറ്റ് നൈറ്റ് പാര്‍ട്ടികളും പെണ്‍സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടുകളും നിയന്ത്രിച്ച് അവനെ ശരിയായ വഴിക്കു നയിച്ചത് യുവരാജാണെന്നായിരുന്നു യോഗ്‌രാജ് പറഞ്ഞത്.

 

അതേസമയം, ഐ.പി.എല്ലില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഈ സീസണില്‍ കളിക്കാനുള്ള സാധ്യതകള്‍ കുറയുകയാണ്. നിലവില്‍ മുംബൈ ഇന്ത്യന്‍സ് മികച്ച കോമ്പിനേഷന്‍ കണ്ടെത്തുകയും തുടര്‍ച്ചയായ വിജയങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നതിനാല്‍ ഇനിയൊരു അഴിച്ചുപണിക്ക് ടീം മുതിര്‍ന്നേക്കില്ല. ഇതിനാല്‍ സീസണ്‍ മുഴുവന്‍ അര്‍ജുന്‍ ബെഞ്ചിലിരിക്കേണ്ടി വന്നേക്കാം.

കഴിഞ്ഞ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ താരപുത്രനെ സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായ താരത്തെ രണ്ടാം റൗണ്ടിലാണ് മുംബൈ സ്വന്തമാക്കിയത്.

 

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഗോവയ്ക്കായി അര്‍ജുന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അരുണാചല്‍ പ്രദേശിനെതിരെ നേടിയ ഫൈഫറടക്കം നിര്‍ണായ പ്രകടനങ്ങള്‍ താരത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. ഇതില്‍ മൂന്ന് വിക്കറ്റുകളും പേസര്‍ സ്വന്തമാക്കിയിട്ടുണ്ട്.

 

Content Highlight: Yograj Singh says If Yuvraj Singh takes Arjun Tendulkar under his wing for three months, he will become the next Chris Gayle.