IPL
ഇഷാന്‍ കിഷന്‍ ചെയ്തത് ശരി, അള്‍ട്രാ എഡ്ജിനാണ് തെറ്റുപറ്റിയത്; സണ്‍റൈസേഴ്‌സ് ബാറ്ററെ പിന്തുണച്ച് മുന്‍ മുംബൈ-ചെന്നൈ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 24, 01:52 pm
Thursday, 24th April 2025, 7:22 pm

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരം ഇഷാന്‍ കിഷന്റെ ഡിസ്മിസ്സലാണ് വിവാദത്തിന് വഴിയൊരുക്കിയത്.

മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ഇഷാന്‍ മടങ്ങുന്നത്. ദീപക് ചഹറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വിക്കറ്റ് കീപ്പര്‍ ക്യാച്ച് കൈപ്പിടിയിലൊതുക്കിയെങ്കിലും വിക്കറ്റിനായി അപ്പീല്‍ ചെയ്തിരുന്നില്ല. ബൗളറും വിക്കറ്റിനായി വാദിച്ചില്ല. നായകന്‍ ഹര്‍ദിക് പാണ്ഡ്യ വിക്കറ്റിനായി അപ്പീല്‍ ചെയ്തെങ്കിലും ഒട്ടും കോണ്‍ഫിഡന്‍സ് അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.

എന്നാല്‍ അപ്പീലിന് മുമ്പ് തന്നെ ഫീല്‍ഡ് അമ്പയര്‍ ഔട്ട് എന്ന നിലയില്‍ കൈ ഉയര്‍ത്താന്‍ ആരംഭിച്ചു. കൈ ഉയര്‍ത്തി തുടങ്ങിയെങ്കിലും ബൗളര്‍ പോലും അപ്പീല്‍ ചെയ്യാത്തിലുള്ള കണ്‍ഫ്യൂഷനും അമ്പയറിന്റെ മുഖത്ത് വ്യക്തമായിരുന്നു. അമ്പയര്‍ വിക്കറ്റ് വിളിക്കുന്നത് കണ്ട ശേഷം മാത്രമാണ് ദീപക് ചഹര്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തത്.

എന്നാല്‍ ഈ സംഭവങ്ങള്‍ ഒരു വശത്ത് അരങ്ങേറുമ്പോള്‍ തന്നെ ഇഷാന്‍ കിഷന്‍ അത് ഔട്ട് എന്നുറപ്പിച്ച് ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കാന്‍ ആരംഭിച്ചിരുന്നു. പുഞ്ചിരിയോടെയാണ് ഇഷാന്‍ തിരിച്ചുനടന്നത്. ഇതുകണ്ട ഹര്‍ദിക് പാണ്ഡ്യയടക്കമുള്ള മുംബൈ താരങ്ങളെല്ലാം ഇഷാന്‍ കിഷനെ അഭിനന്ദിക്കുകയും ചെയ്തു.

റിവ്യൂ പോലും എടുക്കാതെ ഇത്തരമൊരു സാഹചര്യത്തില്‍ ഇഷാന്‍ കിഷന്‍ തിരികെ നടന്നെങ്കിലും പിന്നീട് അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ല എന്ന് വ്യക്തമായിരുന്നു. ട്രാവിസ് ഹെഡിനെ തുടക്കത്തിലേ നഷ്ടപ്പെട്ട് സമ്മര്‍ദത്തിലേക്ക് വീണ ഹോം ടീമിനെ വീണ്ടും സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടാണ് മുന്‍ മുംബൈ ഇന്ത്യന്‍ താരമായിരുന്ന ഇഷാന്‍ കിഷന്‍ ‘ഔട്ടാകാതെ ഔട്ടായത്’.

ഇതോടെയാണ് ഒത്തുകളിയടക്കമുള്ള വിവാദങ്ങളുയര്‍ന്നത്.

എന്നാല്‍ സംഭവത്തില്‍ ഇഷാന്‍ കിഷനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അംബാട്ടി റായിഡു. അള്‍ട്രാ എഡ്ജില്‍ സംഭവിച്ച പിഴവ് കാരണമാകാം സ്‌പൈക്ക് ഉണ്ടാകാതിരുന്നതെന്നും അല്ലാതെ ഒരു ബാറ്റര്‍ ഒരിക്കലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ല എന്നുമാണ് റായിഡു പറഞ്ഞത്.

‘അള്‍ട്രാ എഡ്ജില്‍ പിഴവുകളുണ്ടായിരുന്നു. ഒരിക്കലും ഒരു ബാറ്റര്‍ പന്ത് ബാറ്റില്‍ കൊള്ളാതെ ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെ സ്വയം പുറത്താകില്ല. പന്ത് ബാറ്റില്‍ കൊണ്ടിട്ടുണ്ട് എന്ന് ഇഷാന്‍ കിഷന് അറിയാമായിരുന്നു.

ബാറ്റ് പാഡിലും പന്തിലും കൊണ്ടിരുന്നെങ്കില്‍ കണ്‍ഫ്യൂഷനുകള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്റെ പുറത്താകലില്‍ അങ്ങനെയുണ്ടായിട്ടില്ല. സാങ്കേതിക വിദ്യയുടെ തകരാറാണ് ഇഷാന്റെ പുറത്താകലിന് വഴിയൊരുക്കിയത്,’ മാച്ച് അനാലിസിസിനിടെ റായിഡു പറഞ്ഞു.

എന്നാല്‍ ശേഷം വിക്കറ്റിന്റെ റീപ്ലേയും അള്‍ട്രാ എഡ്ജും കാണിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ തീര്‍ത്തും നിരാശനായിരുന്നു എന്നതും റായിഡുവിന്റെ വാക്കുകള്‍ക്കൊപ്പം ചേര്‍ത്തുവെക്കണം.

നാല് പന്ത് നേരിട്ട് വെറും ഒറ്റ റണ്‍സ് മാത്രം നേടിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. മുംബൈയ്‌ക്കെതിരെ വീണ്ടും പരാജയമായതോടെ താരത്തിന്റെ മോശം പ്രകടനം തുടരുകയാണ്.

ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ സീസണില്‍ റിഷബ് പന്തിനേക്കാള്‍ മോശം പ്രകടനമാണ് ഇഷാന്‍ കിഷന്‍ പുറത്തെടുക്കുന്നത്.

ഐ.പി.എല്‍ 2025ല്‍ ഇഷാന്‍ കിഷന്റെ പ്രകടനങ്ങള്‍

vs രാജസ്ഥാന്‍ റോയല്‍സ് – 106* (47)

vs ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- 0 (1)

vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2 (5)

vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 2 (5)

vs ഗുജറാത്ത് ടൈറ്റന്‍സ് – 17 (14)

vs പഞ്ചാബ് കിങ്‌സ് – 9* (6)

vs മുംബൈ ഇന്ത്യന്‍സ് – 2 (3)

vs മുംബൈ ഇന്ത്യന്‍സ് – 1 (4)

സീസണില്‍ ഇതുവരെ 23.16 ശരാശരിയിലും 163.52 സ്‌ട്രൈക്ക് റേറ്റിലും 139 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. എന്നാല്‍ ആദ്യ മത്സരത്തിലെ സെഞ്ച്വറി മാറ്റി നിര്‍ത്തി രണ്ടാം മത്സരം മുതലുള്ള കണക്കുകളെടുക്കുമ്പോള്‍ 5.5 ശരാശരിയും 86.84 സ്‌ട്രൈക്ക് റേറ്റും മാത്രമാണ് ഇഷാന്‍ കിഷനുള്ളത്.

 

Content Highlight: IPL 2025: Ambati Rayudu backs Ishan Kishan after controversial dismissal