ഡിഫോൾട്ട് സെർച്ച് എഞ്ചിനാവാൻ നിയമ വിരുദ്ധമായി പ്രവർത്തിച്ചു; ഗൂഗിളിനെതിരെ യു.എസ് കോടതി
World News
ഡിഫോൾട്ട് സെർച്ച് എഞ്ചിനാവാൻ നിയമ വിരുദ്ധമായി പ്രവർത്തിച്ചു; ഗൂഗിളിനെതിരെ യു.എസ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 12:04 pm

വാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സെർച്ച് എഞ്ചിൻ എന്ന കുത്തക സ്വന്തമാക്കാൻ ഗൂഗിൾ നിയമ വിരുദ്ധമായി പ്രവർത്തിച്ചതായി യു.എസ് ജില്ലാ ജഡ്ജി അമിത് മേത്ത.

നിയമവിരുദ്ധമായ കുത്തക സൃഷ്ടിക്കാനും ലോകമെമ്പാടുമുള്ള ഡിഫോൾട്ട് സെർച്ച് എഞ്ചിനാകാനും കോടികണക്കിന് ഡോളർ ഉപയോഗിച്ച് ആന്റിട്രസ്റ്റ് നിയമങ്ങൾ ഗൂഗിൾ ലംഘിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ‘ഗൂഗിൾ ഒരു കുത്തകയാണ്, അത് നിലനിർത്താനായി അവർ അനധികൃതമായി പ്രവർത്തിച്ചു,’അമിത് മേത്ത വിധിയിൽ പറഞ്ഞു.

ബിഗ് ടെക്കിന്റെ ആധിപത്യം ലക്ഷ്യമിടുന്ന രാജ്യത്തെ ഫെഡറൽ അധികാരികളുടെ വലിയ വിജയമാണ് ഈ സുപ്രധാന വിധി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ തകർച്ച ഉൾപ്പെടെയുള്ള സാധ്യത ഈ വിധി കാരണം ഉണ്ടായേക്കാം.

ഓൺലൈൻ സെർച്ച് വിപണിയുടെ 90 ശതമാനവും സ്മാർട്ട്ഫോൺ സെർച്ചിൽ 95 ശതമാനവും ഗൂഗിളിന്റെ കയ്യിലാണെന്നാണ് അമിത് മേത്തയുടെ കണ്ടെത്തൽ. അടുത്ത ഘട്ടത്തിൽ കൂടുതൽ നിയമ നടപടികളും അപ്പീലുകളും സ്വീകരിക്കുമെന്നും 2026 വരെ അത് നീട്ടിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകാനാണ് ഗൂഗിളിന്റെ തീരുമാനം.
‘ഗൂഗിൾ മികച്ച സെർച്ച് എഞ്ചിൻ നൽകുന്നുണ്ടെന്ന് ഈ തീരുമാനത്തിലൂടെ മനസിലായി. പക്ഷെ അത് എളുപ്പത്തിൽ ലഭ്യമാക്കാൻ ഞങ്ങളെ അനുവദിക്കേണ്ടതില്ലായെന്നാണ് വിധിയുടെ ഉദ്ദേശം,’ ഗൂഗിൾ അവരുടെ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഈ വിധിയെ തുടർന്ന് ആൽഫബെറ്റിന്റെ ഓഹരികൾ 4.5 ശതമാനം ഇടിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ആൽഫബെറ്റിന്റെ മൊത്തം വില്പനയുടെ 77 ശതമാനമായിരുന്നു ഗൂഗിൾ പരസ്യം.

ഒരു കമ്പനിയും നിയമത്തിന് അതീതരല്ലെന്നാണ് യു.എസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് വിധിയെ കുറിച്ച് പ്രതികരിച്ചത്. ഗൂഗിളിനെതിരെയുള്ള തീരുമാനത്തെ വൈറ്റ് ഹൗസും സ്വാഗതം ചെയ്തിട്ടുണ്ട്.

 

Content Highlight: The default search engine acted illegally; US judge against Google