തിരുവനന്തപുരം: കൊക്കയാറില്‍ കാണാതായ 4 വയസുകാരന്‍ സച്ചു ഷാഹുലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ കൊക്കയാറില്‍ ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങളും കണ്ടെത്തി.
തൃശ്ശൂര്‍ തെക്കുംകരയില്‍ പുഴയില്‍ ഒലിച്ചുപോയ റിട്ട. അധ്യാപകന്‍ ജോസഫിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ ആകെ മരിച്ചവരുടെ എണ്ണം 27 ആയി.
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് 35 പേര്‍ മഴക്കെടുതിയില്‍ മരിച്ചെന്നാണ് പറയുന്നത്.
കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതം മരിച്ചുവെന്നാണ് കണക്കുകള്‍.
കക്കി ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തിയതോടെയാണ് കക്കി ഡാമിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകള്‍ മുപ്പത് സെമീ വീതം തുറന്നു കൊടുത്തത്.
ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സ്ഥിതിക്ക് പമ്പയില്‍ പത്ത് മുതല്‍ പതിനഞ്ച് സെമീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ടയുടെ ചുമതലുയള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജുംറവന്യൂ മന്ത്രി കെ.രാജനും അറിയിച്ചു.
2018- ലെ പ്രളയകാലത്ത് തുറന്നു വിട്ടതിന്റെ പത്തിലൊരു ശതമാനം ജലം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ നിന്നും പുറത്തു വിടുന്നതെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയില്ലെങ്കിലും ഒക്ടോബര്‍ 21 മുതല്‍ 24 വരെ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. അതു കൂടി മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതെന്നും റവന്യൂ മന്ത്രി പറഞ്ഞു.