Entertainment
ഇന്റിമസി സീന്‍, സെറ്റില്‍ വന്ന ഡാഡിയെ കണ്ടപ്പോള്‍ ചമ്മല്‍ തോന്നി; നല്ല ടെന്‍ഷനുണ്ടായിരുന്നു: ഡിനു ഡെന്നീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 09, 04:39 am
Wednesday, 9th April 2025, 10:09 am

രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് എന്നിട്ടും. കനിഹ നായികയായി എത്തിയ സിനിമയില്‍ ഡിനു ഡെന്നീസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, സ്വര്‍ണ്ണമാല്യ എന്നിവരായിരുന്നു മറ്റുപ്രധാന വേഷങ്ങളില്‍ എത്തിയത്.

പ്രേം എന്ന നായക കഥാപാത്രമായിട്ടാണ് സിനിമയില്‍ ഡിനു ഡെന്നീസ് അഭിനയിച്ചത്. അദ്ദേഹത്തിന്റ ആദ്യ സിനിമയായിരുന്നു അത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥാകൃത്തായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനു.

എന്നിട്ടും എന്ന സിനിമ അന്ന് വലിയ വിജയമായില്ലെങ്കിലും ചിത്രത്തിലെ ‘ഒരു നൂറാശകള്‍’ എന്ന പാട്ട് ഹിറ്റായിരുന്നു. ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രണയഗാനങ്ങളില്‍ ഒന്നാണ് അത്.

ഈ പാട്ടില്‍ കനിഹയും ഡിനുവും തമ്മിലുള്ള ഇന്റിമസി സീനുകളും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ സീനുകള്‍ ചിത്രീകരിച്ചതിനെ കുറിച്ച് പറയുകയാണ് ഡിനു ഡെന്നീസ്.

ഒരു ഇടവേളക്ക് ശേഷം താന്‍ അഭിനയിക്കുന്ന ബസൂക്ക എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക സംവിധാനം ചെയ്തത് ഡിനുവിന്റെ സഹോദരന്‍ ഡീനോ ഡെന്നിസാണ്.

‘ഒരു നൂറാശകള്‍ എന്ന പാട്ട് ഷൂട്ട് ചെയ്യുന്നത് വൈറ്റിലയിലെ ഒരു വീട്ടില്‍ വെച്ചായിരുന്നു. അന്ന് ഷൂട്ട് ചെയ്യുന്ന ആദ്യ ദിവസം ഡാഡി (കലൂര്‍ ഡെന്നീസ്) ലൊക്കേഷനില്‍ വന്നിരുന്നു.

പാട്ടിന്റെ ലീഡ് തുടങ്ങുന്നത് ഒരു ഇന്റിമസി സീനില്‍ തന്നെയായിരുന്നു. ഡാഡി ആണെങ്കില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ വേണ്ടി ലൊക്കേഷനില്‍ വന്ന് ഇരുന്നതാണ്.

അദ്ദേഹത്തിന് പുറമെ ആ സിനിമയുടെ ക്രൂവും ഉണ്ടായിരുന്നു. ഞാന്‍ എന്തൊക്കെയോ കാണിച്ചുക്കൂട്ടി. ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്തായാലും ടെന്‍ഷന്‍ ഉണ്ടാകുമല്ലോ.

എന്റെ ആദ്യ സിനിമ കൂടിയായിരുന്നു അത്. ഡാഡി സെറ്റില്‍ ഉള്ളതിന്റെ ടെന്‍ഷന്‍ നന്നായിട്ട് ഉണ്ടായിരുന്നു. അദ്ദേഹം സിനിമയില്‍ ലെജന്റായിട്ടുള്ള ആളാണല്ലോ.

നമുക്ക് ഒരുപാട് അറിയുന്ന ആളാണ് മുന്നിലുള്ളത്. സ്വന്തം മകന്‍ തന്റെ മുന്നില്‍ വെച്ച് ഇത്തരം സീനില്‍ അഭിനയിക്കുകയാണ്. ആ നിമിഷത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ ചമ്മലുണ്ടായിരുന്നു,’ ഡിനു ഡെന്നീസ് പറയുന്നു.


Content Highlight: Dinu Dennis Talks About Intimacy Scene In Ennittum Movie Song Oru Noraashangal