Kerala News
പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 05:25 am
Wednesday, 9th April 2025, 10:55 am

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായിട്ടുള്ള സിംഗിൾ ബെഞ്ചിന്റേതാണ് വിധി. കേസിൽ രണ്ടാം പ്രതിയാണ് കെ.എൻ. ആനന്ദകുമാർ.

പാതി വില കേസിന്റെ മുഖ്യ ആസൂത്രകൻ ആനന്ദകുമാർ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും കേസുമായി മുന്നോട്ട് പോകുകയും ചെയ്യുന്നതിനിടെയായിരുന്നു ആനന്ദകുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയുമായി എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിൽ ആനന്ദകുമാറിനെതിരെ കേസുണ്ട്.

മാർച്ച് 11ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടു പിന്നാലെ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് മാർച്ച് 26 വരെ റിമാൻഡ് ചെയ്യുകയും ചെയ്തു. തട്ടിപ്പിനെ കുറിച്ച് ആനന്ദകുമാറിന് അറിയാമായിരുന്നു എന്ന പൊലീസ് വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയത്.

തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി. സി.എസ്.ആർ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻ.ജി.ഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സി.എസ്.ആർ ഫണ്ടുപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്.

കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് പാതിവില ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെ.എൻ. ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ അഞ്ച് അംഗങ്ങൾ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെ.എൻ. ആനന്ദകുമാറിന്റെ വാദം. എന്നാൽ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു

 

Content Highlight: Half-price fraud case; A setback for Anand Kumar, High Court rejects bail plea