ന്യൂദല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. 2021 ജൂണ്‍ 30 വരെയാണ് നീട്ടിയത്. മാര്‍ച്ച് 31 ന് പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു.
ഇതിനിടെയാണ് കാലാവധി നീട്ടാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചത്. 1961 ലെ ആദായ നികുതി നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് പുതിയ തീരുമാനം.
കൊവിഡിനെ തുടര്‍ന്നാണ് കാലാവധി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് പറഞ്ഞു. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
1,000 രൂപ പിഴയ്ക്ക് പുറമെ പാന്‍ കാര്‍ഡ് അസാധുവാകും എന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. 2020 ജനുവരി 27വരെ 30.25 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
പാനും ആധാറും ലഭ്യമായിട്ടുള്ള എല്ലാ വ്യക്തികളും ഇവ തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം എന്നാണ് ധനമന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ പറയുന്നത്. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും.
പാന്‍-ആധാര്‍ ലിങ്കിങ് വിജയകരമാകുന്നതിന് പാനിലെയും ആധാര്‍ കാര്‍ഡിലെയും പേര്, ജനന തീയതി പോലുള്ള വിവരങ്ങള്‍ സമാനമായിരിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.