മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക്. എന്നാല്‍, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് കമല്‍നാഥ്. ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍നാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘ഞാനിപ്പോഴും ഭോപാലില്‍ത്തന്നെയുണ്ട്. ദല്‍ഹിയിലേക്ക് പോകാന്‍ എനിക്കൊരു പദ്ധതിയുമില്ല. സംഭവിച്ചത് തോല്‍വിയല്ല, ചെറിയ ഇടര്‍ച്ച മാത്രമാണ്. നിങ്ങളെന്റെ വാക്കുകള്‍ എഴുതിവെച്ചോളൂ, കോണ്‍ഗ്രസ് തിരിച്ച് വന്നിരിക്കും’, കമല്‍നാഥ് പറഞ്ഞു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 15 മാസമാണ് അധികാരത്തിലുണ്ടായിരുന്നത്. പക്ഷേ, 12 മാസം മാത്രമേ ഭരിക്കാന്‍ കഴിഞ്ഞുള്ളു. രണ്ട് മാസം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നെന്നും കമല്‍നാഥ് പറഞ്ഞു.
‘അധികാരത്തിലുണ്ടായിരുന്ന കാലം കൊണ്ട് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതിലെ 400 കാര്യങ്ങള്‍ പ്രായോഗികമാക്കി. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്ന പദ്ധതിയുടെ ആരംഭ ഘട്ടത്തിലുമായിരുന്നു. ബി.ജെ.പിയുടെ ഭരണത്തിന്റെ കീഴിലുണ്ടായിരുന്ന മാഫിയക്കെതിരെയും ഞാന്‍ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനത്തുടനീളെ വൈദ്യുതീകരണ പദ്ധതി നടപ്പിലാക്കി. ബി.ജെ.പിയുടേതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭരണ രീതിയായിരുന്നു എനിക്കുണ്ടായിരുന്നത്. ആ സമയത്തെല്ലാം ഞങ്ങള്‍ക്കെതിരെ വല വിരിക്കുകയായിരുന്നു ബി.ജെ.പി. ശരിയാണ് ഞങ്ങളുടെ ചില എം.എല്‍.എമാരെ പണം കൊണ്ട് കൈക്കലാക്കാന്‍ കഴിയുമെന്ന് ഞാന്‍ കണക്കുകൂട്ടിയതേ ഇല്ല’, കമല്‍നാഥ് പറഞ്ഞു.
‘പണം കൊടുത്തത് കൊണ്ട് മാത്രമല്ല എം.എല്‍.എമാര്‍ കൂറുമാറിയതെന്നും അതിന് പിന്നില്‍ മറ്റ് സമ്മര്‍ദ്ദങ്ങളുണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ‘ സിന്ധ്യയുടെ കാര്യത്തിലും എനിക്ക് അതുമാത്രമാണ് പറയാനുള്ളത്. അദ്ദേഹം ബി.ജെ.പിയിലേക്ക് പോയതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ട്. ഇതുവരെ അദ്ദേഹം പുറത്ത് പറയാത്ത കാരണം’.
‘എന്റെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഒരു പൊതുവേദിയില്‍വെച്ച് എന്റെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹത്തിന് അത്യധികം അഭിമാനമുണ്ടെന്ന് പറയുന്ന വീഡിയോ എന്റെ പക്കലുണ്ട്. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിയതിന്റെ ട്വീറ്റുകള്‍ അദ്ദേഹം ചെയ്തിരുന്നു. കോണ്‍ഗ്രസ് വിട്ടുപോകാന്‍ സിന്ധ്യ മനസിലുറപ്പിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം അതിന് കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്’, കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.