'ഞങ്ങൾ ബംഗ്ലാദേശികളല്ല ഇന്ത്യക്കാരാണ്' ജന്മനാട്ടിൽ നിന്ന് അടിച്ചിറക്കപ്പെട്ട മിയ മുസ്‌ലിം ജനത പറയുന്നു
India
'ഞങ്ങൾ ബംഗ്ലാദേശികളല്ല ഇന്ത്യക്കാരാണ്' ജന്മനാട്ടിൽ നിന്ന് അടിച്ചിറക്കപ്പെട്ട മിയ മുസ്‌ലിം ജനത പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2024, 6:26 pm

ദിസ്പൂർ: രണ്ട് വർഷത്തിലേറെയായി കുടിയൊഴിപ്പിക്കലിനിരയായിക്കൊണ്ടിരിക്കുന്ന അസമിലെ മിയ മുസ്‌ലിം വിഭാഗത്തിന് നേരെയുള്ള ആക്രമണം വർധിക്കുന്നു. അസമിലെ കർഷക വിഭാഗമായ മിയ മുസ്‌ലിങ്ങൾ അറിയപ്പെടുന്നത് ബംഗാളി മുസ്‌ലിം എന്നാണ്. ബംഗ്ലാദേശിൽ നിന്നും വന്ന കുടിയേറ്റക്കാരായാണ് ഇവരെ ഭരണകൂടം കാണുന്നത് ദി വയർ റിപ്പോർട്ട് ചെയ്തു.

അസമിലെ ദൽപൂർ, ശ്യാമപൂർ, ദറാങ്, എന്നിവിടങ്ങളിലെ മുസ്‌ലിം ജനവിഭാഗമാണ് കുടിയൊഴിപ്പിക്കലിനിരയാകുന്നത്.

ബംഗ്ലാദേശികൾ എന്നാരോപിച്ച് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇവരെ ജന്മനാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുകയാണ്. ഈ കുടിയൊഴിപ്പിക്കൽ പലപ്പോഴും വർഗീയ പ്രേരിതവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി സർക്കാർ പുനരധിവാസ കേന്ദ്രങ്ങൾ നിർമിച്ചെങ്കിലും അവിടെ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ല. വൈദ്യുതിയോ, ശൗചാലയങ്ങളോ, ക്യാമ്പിലേക്ക് എത്തിപ്പെടാൻ വഴിയോ സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ ഇല്ലെന്നാണ് റിപ്പോർട്ട്.

2021 സെപ്റ്റംബർ 20 ,23 തീയ്യതികളിലാണ് കുടിയൊഴിപ്പിക്കൽ ആദ്യമായി നടന്നത്. 1350 കുടുംബാംഗങ്ങളെ താത്കാലികമായി കുടിയൊഴിപ്പിക്കുകയും പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് 2024 മെയ് മാസത്തിൽ രണ്ടാം ഘട്ട കുടിയൊഴിപ്പിക്കൽ നടന്നു. 400 കുടുംബങ്ങൾ ആണ് ഇപ്പോൾ കുടിയൊഴിപ്പിക്കപെട്ടിരിക്കുന്നത്.

സമീപ ഗ്രാമങ്ങളിലെല്ലാം ഇപ്പോൾ കുടിയൊഴിപ്പിപ്പിക്കൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവർ ശ്യാമപൂരിലെ പുനരധിവാസകേന്ദ്രത്തിലാണ് താമസിക്കുന്നത്. മിയ കർഷകരുടെ കുടിയൊഴിപ്പിക്കപ്പെട്ട ഭൂമിയിൽ ഇപ്പോൾ അഗ്രികൾച്ചർ പ്രൊജക്റ്റ് എന്ന പേരിൽ ഒരു പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടിട്ടുണ്ട്. തദ്ദേശീയരായ ജനങ്ങളെ ഉപയോഗിച്ച് കൃഷി നടത്തുകയാണ് പദ്ധതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്.

എന്നാൽ സ്വന്തം താമസസ്ഥലത്ത് നിന്ന് അടിച്ചിറക്കപ്പെട്ട മിയ മുസ്‌ലിം വിഭാഗത്തിന്റെ സ്ഥിതി വളരെ മോശമാണ്. അവർക്ക് നേരെയുള്ള കയ്യേറ്റവും വർധിച്ചിട്ടുണ്ട്. തങ്ങളുടെ വീടുകൾ നിന്നിരുന്ന പഴയ പ്രദേശത്തേക്ക് പോകാൻ അവർക്ക് വിലക്കുണ്ട്. നിലവിൽ അഗ്രികൾച്ചർ പ്രൊജക്റ്റ് നടക്കുന്ന ഭാഗത്തേക്ക് അറിയാതെയെങ്കിലും എത്തുന്നവർക്ക് നേരെ ആക്രമണം നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

‘പദ്ധതി പ്രദേശത്തു ഞാൻ അറിയാതെ ചെന്നുപെട്ടു. രാവിലെ ഞാൻ രണ്ട് പശുക്കളെയും കൊണ്ട് പോയതായിരുന്നു. പദ്ധതി പ്രദേശത്തെത്തിയപ്പോൾ ആർ.എസ്.എസിലുള്ള രണ്ട് ആളുകൾ എന്റെ അടുത്തേക്ക് വരികയും എന്നെ അവരുടെ ക്യാമ്പിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോവുകയും ചെയ്തു. തുടർന്ന് അവിടെയുള്ളവരൊക്കെയും എന്നെ മാറി മാറി ഉപദ്രവിച്ചു. റംസാൻ മാസത്തിലായിരുന്നു ഇതുണ്ടായത്. എന്റെ നോമ്പ് മുറിക്കാനായി മാംസം കഴിക്കാൻ അവർ നിർബന്ധിച്ചു,’ മർദനമേറ്റ സൈദുൽ പറഞ്ഞു.

അഗ്രികൾച്ചർ പ്രോജക്ടിന്റെ പ്രദേശം ഉദ്യോഗസ്ഥർ അടക്കുകയും അതിന് ചുറ്റും പൊലിസ് റോന്തുചുറ്റലും ഉണ്ടെന്ന് ക്യാമ്പിലുള്ളവർ പറഞ്ഞു. അഗ്രിക്കൾച്ചർ പ്രോജക്ടിന്റെ പരിസരത്തേക്ക് പോകുന്നവരെല്ലാം ആക്രമണത്തിനിരയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

‘ഞങ്ങൾ ബംഗ്ലാദേശുകാരല്ല ഇന്ത്യക്കാരാണ്. ഭരണകൂടം എന്തിനാണ് ഞങ്ങളോടീ ക്രൂരത കാണിക്കുന്നതെന്ന് അറിയില്ല,’ ക്യാമ്പിൽ താമസിക്കുന്നൊരു പെൺകുട്ടി പറഞ്ഞു.

2021ലാണ് മിയ മുസ്‌ലിങ്ങൾക്ക് നേരെയുണ്ടാകുന്ന ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങളിൽ ചർച്ചകളുയരുന്നത്. 2021ൽ വന്ന വാർത്തകൾ ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇന്ത്യയിൽ ബി.ജെപി അധികാരത്തിൽ വന്നത് മുതൽ കുടിയേറ്റം ആരോപിച്ച് മിയ മുസ്‌ലിങ്ങൾക്ക് നേരെ കടുത്ത ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുടിയേറ്റം ആരോപിച്ച് അവരുടെ ആരാധനാലയങ്ങളും വീടുകളും തകർക്കപ്പെട്ടു.

 

 

 

Content highlight: The Communal Politics of Evictions in Assam