2023 ICC WORLD CUP
ഇന്ത്യൻ സ്പിൻനിരയെ നേരിടാൻ ഞങ്ങൾ റെഡി; വെല്ലുവിളിയുമായി അഫ്ഗാൻ നായകൻ
ഐ.സി.സി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ നേരിടാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ദൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരത്തിന് മുന്നോടിയായി അഫ്ഗാനിസ്ഥാൻ ടീമിലുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് നായകൻ ഹഷ്മത്തുള്ള ഷാഹിദി.
ഇന്ത്യയുടെ സ്പിൻ ബൗളർമാരെ നേരിടാൻ ടീം സജ്ജമാണെന്നാണ് ഹഷ്മത്തുള്ള പറഞ്ഞത്.
‘ഞങ്ങൾ നെറ്റ്സിൽ പരിശീലനം ചെയ്യുമ്പോൾ സ്പിന്നിനെ നന്നായി കളിക്കാറുണ്ട്. റാഷിദ് ഖാൻ, മുഹമ്മദ് നബി, അഹമ്മദ് നൂർ, മുജീബ് ഉർ റഹ്മാൻ എന്നീ സ്പിന്നർമാർക്കെതിരെ ഞങ്ങൾ എല്ലാ ദിവസവും കളിക്കുന്നു. ഞങ്ങളുടെ സ്പിൻ ബൗളിങ് വളരെ മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ കളി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. എന്നാൽ ഒരു കളിയുടെ അടിസ്ഥാനത്തിൽ ഒരു ടീമിനെ വിലയിരുത്താൻ കഴിയില്ല. ആ കളി അവസാനിച്ചു. ഞങ്ങൾക്ക് ഇന്ത്യൻ സ്പിന്നർമാരെ നന്നായി നേരിടാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മത്സരത്തിൽ ഇന്ത്യക്കെതിരെ വിജയിച്ചുകൊണ്ട് തിരിച്ചു വരുക തന്നെ ചെയ്യും,’ ഷാഹിദി പറഞ്ഞതായി ഇ. എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ആരാധകർക്ക് മുന്നിൽ കളിക്കുബോൾ നേരിടാൻ പോവുന്ന സമ്മർദങ്ങളെകുറിച്ചും ഷാഹിദി പറഞ്ഞു.
‘ഞങ്ങളുടെ താരങ്ങൾക്ക് നല്ല പ്രതിഭയുണ്ട്. ഇനിയുള്ള മത്സരങ്ങളിലെല്ലാം തിരിച്ചു വരാൻ ടീമിന് സാധിക്കും. ഇന്ത്യയുടെ ഹോം ആയതിനാൽ ഗ്യാലറിയിൽ ഇന്ത്യക്കാണ് വലിയ പിന്തുണ ലഭിക്കുക. എന്നാൽ ഈ സമ്മർദം അതിജീവിക്കേണ്ടത് പ്രധാനപ്പെട്ടതാണ്,’ ഷാഹിദി പറഞ്ഞു.
ധർമ്മശാലയിൽ നടന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ആറ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിൽ 156 റൺസ് മാത്രമാണ് അഫ്ഗാൻ ബാറ്റർമാർക്ക് നേടാനായത്. ഇന്ത്യക്കെതിരെ ലോകകപ്പിലെ ആദ്യ വിജയം ലക്ഷ്യമിട്ടായിരിക്കും അഫ്ഗാൻ കളത്തിലിറങ്ങുക.
അതേ സമയം ചെന്നൈയിൽ ഓസ്ട്രേലിയയെ തകർത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്.
Content Highlight: The Afghan captain shares his confidence in the Afghanistan team.