Advertisement
Discourse
തത്തു എന്തായിരുന്നു നിങ്ങള്‍? ആരായിരുന്നു നിങ്ങള്‍?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 24, 09:37 am
Friday, 24th July 2015, 3:07 pm

അനുസ്മരണം: വിജയന്‍ എം. ജെ

മൊഴിമാറ്റം: ഹെറീന ആലിസ് ഫെര്‍ണാണ്ടസ്


……………………
അനില്‍കുമാര്‍ എന്‍.എസ്
ഡി.എച്ച്.ഐആര്‍.എമ്മിന്റെ (DHRM) ചെയര്‍മാന്‍
………………….

“തത്തു അണ്ണന്‍” എന്നു അറിയപ്പെടുന്ന ശ്രീ. അനില്‍കുമാര്‍ ജൂലൈ 18 ശനിയാഴ്ച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് വൈകിട്ട് 6 മണിയോടെ അന്തരിച്ചു. ജൂലൈ 20 തിങ്കളാഴ്ച്ച മൃതദേഹം വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ പൊതുദര്‍ശനത്തിനുവച്ചു.

herenaതുടര്‍ന്ന് തോന്നക്കലിലെ DHRM ദക്ഷിണമേഖലാ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ബുദ്ധമതാചാര പ്രകാരം വൈകിട്ട് 5 മണിക്ക് സംസ്‌കാരം നടത്തി.

1968 ഏപ്രില്‍ 30 ന് സുകുമാരന്റെയും തുളസിയുടെയും മകനായി നന്ദന്‍കോട് ജനിച്ച അനില്‍കുമാര്‍ നന്ദന്‍കോട് എല്‍.പി.സ്‌കൂള്‍, സാല്‍വേഷന്‍ ആര്‍മി സ്‌ക്കൂള്‍, വെങ്ങാനൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഗവ: ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. പഠനത്തിനു ശേഷം ദളിത് സാംസ്‌കാരിക വേദി, അംബേദ്കര്‍ സാംസ്‌കാരിക കേന്ദ്രം, BSP തുടങ്ങി നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചു. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന ആദിവാസികളുടെ സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

2014 ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ DHRM-BSP സ്ഥാനാര്‍ത്ഥിയായി ആറ്റിങ്ങലില്‍ നിന്നും അനില്‍ കുമാര്‍ മത്സരിച്ചു. ആ വര്‍ഷം ആദ്യം ദളിത് മനുഷ്യാവകാശ പ്രവര്‍ത്തന വേദിയുടെ ചെയര്‍മാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

സാഹിത്യകാരന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ പേരെടുത്ത അദ്ദേഹം ” നാടോടി കലകള്‍ ” എന്ന വിഷയത്തിലാണ് തന്റെ ഗവേഷണം നടത്തിയത്.
അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി “ഉയിരുണര്‍വ്വ്” എന്ന പേരില്‍ ഒരു ഓഡിയോ ആല്‍ബം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ച് കാന്‍ഷിറാം ആണിത് റിലീസ് ചെയ്തത്.

ദളിത് കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി “ഹോം സ്‌ക്കൂള്‍” എന്ന പേരില്‍ ഒരു പദ്ധതി 2012 ല്‍ ആരംഭിച്ചു. ബുദ്ധമത പ്രചരണത്തിനായി 2014 ല്‍ പ്രാദേശികമായി ബുദ്ധമത ട്രസ്റ്റ് രൂപീകരിച്ചു. 2009 ലെ വര്‍ക്കല കൊലപാതക കേസില്‍ അദ്ദേഹത്തിന്റെ യും മറ്റു ചില DHRM പ്രവര്‍ത്തകരുടെയും പേരില്‍ കുറ്റമാരോപിക്കപ്പെട്ടു.

Thatu-3തത്തു നിങ്ങള്‍ ഒരു ബുദ്ധിജീവിയല്ല, ആതിനാലാണ് ആ വര്‍ഗ്ഗം നിങ്ങള്‍ക്ക് അന്തിമോപചാരമാര്‍പ്പിക്കാതിരുന്നത്.
 
വിജയന്‍ എം. ജെ

നിങ്ങള്‍ ഒരു കലാകാരനല്ല, അതുകൊണ്ടാണ് കലാലോകം നിങ്ങളെയോര്‍ത്ത് കണ്ണീരൊഴുക്കാതിരുന്നത്.

നിങ്ങള്‍ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെയോ സംഘടനകളുടെയോ നേതാവായിരുന്നില്ല, അതുകൊണ്ടാണ് ആരും നിങ്ങളുടെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തുകയോ സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ ജീവിതകഥ പ്രചരിക്കുകയോ ചെയ്യാതിരുന്നത്.

നിങ്ങള്‍ ഒരു സൂപ്പര്‍ സ്റ്റാറോ സെലിബ്രിറ്റിയോ അല്ല, അതുകൊണ്ടാണ് മൂന്നാം പേജില്‍പോലും നിങ്ങളെക്കുറിച്ച് പരാമര്‍ശവും വരാതിരുന്നത്.

തീര്‍ത്തും സാധാരണക്കാരനായി നിന്ന് അസാധാരണമായ ഒരു ജീവിതം നയിച്ചു എന്നതുകൊണ്ടാകണം മുന്‍ പേജുകളില്‍ നിന്ന് നിങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടത്.

എന്തായിരുന്നു നിങ്ങള്‍?
ആരായിരുന്നു നിങ്ങള്‍?

കുറ്റവാളി..? കവര്‍ച്ചക്കാരന്‍..? സാമൂഹിക വിരുദ്ധന്‍..? ആരായിരുന്നു..?

പോലീസോ അഭിഭാഷകരോ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ നിങ്ങളെ അഭിസംബോധന ചെയ്യാതിരുന്നത് എന്തുകൊണ്ടാകും.?

വളരെ രസകരമാണ് നിങ്ങളുടെ ജീവിതം. നിങ്ങളുടെ മരണത്തെക്കുറിച്ചു കേള്‍ക്കുമ്പോഴും അത് തീര്‍ത്തും സാധാരണമായ എന്തോ ഒന്നായി കരുതപ്പെടുന്നതും അതുകൊണ്ടാണ്.

ഞങ്ങളില്‍ പലര്‍ക്കും ഇപ്പോള്‍ ഈ അരികുവല്‍ക്കരിക്കല്‍ പ്രവണത ഒരു നാട്ടുനടപ്പായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒരു ശൂന്യത, നിശബ്ദത, ചങ്കിലേക്ക് തുളഞ്ഞു കയറുന്ന ഒരു വേദന എന്നിവയെല്ലാം അനുഭവപ്പെടുന്നു. ഈ വേദനയ്‌ക്കൊപ്പം നിങ്ങള്‍ പരിചിതനല്ലാതായതിന്റെ അറിയപ്പെടാത്തവനായി മാറിയതിന്റെ വൈരുദ്ധ്യം കൂടി ഓര്‍ത്തു പോകുമ്പോള്‍ അതൊരു കറുത്ത ഫലിതം ആയിത്തീരുകയാണ്.

എങ്ങനെ ഏതു രീതിയിലാണ് നിങ്ങളുടെ പേര് ഉച്ചരിക്കപ്പെടുന്നത്.? ആ വേദന കുറയാന്‍ ഇനിയും ഒരുപാട് സമയം വേണ്ടിവരും. നിങ്ങള്‍ തുടങ്ങി വെച്ച സ്വപ്നം കൊണ്ടു മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരിടം ഉയര്‍ന്നു വരുന്നുണ്ട്. ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ഒരു പ്രസ്ഥാനം. നിങ്ങളുടെ ശബ്ദവും ചിന്തകളും പ്രവര്‍ത്തികളും എണ്ണിയാല്‍ തീരാത്തത്രയും വലിയൊരു ജനതയെ ഉണര്‍ത്തുന്നിതിനും സന്തോഷിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും പ്രചോദനമായി മാറട്ടെ.

വിട, പക്ഷേ നിങ്ങള്‍ക്കൊരിക്കലും സമാധാനത്തോടെ അന്ത്യവിശ്രമം കൊള്ളാന്‍ സാധിക്കുകയില്ലെന്നറിയാം. തത്തൂ; അതിന് വേണ്ടിയല്ലല്ലോ നിങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പരിചിതനായി മാറിയത്. സ്വര്‍ഗ്ഗത്തെയും നരകത്തെയും അസ്വസ്ഥമാക്കണം നിങ്ങള്‍.

“ഈ ലോകം പോലെ നിങ്ങളുടെ ലോകവും ജീവനിലേക്ക് ഉണരട്ടെ”

(കേരളത്തിലെ ദളിത് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളാണ് തത്തു , ദളിതരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ് അദ്ദേഹം. ഈ സംഘടനയെക്കുറിച്ച് മുന്‍പ് കേട്ടിട്ടില്ലാത്തവര്‍ ഇത് ഏതെങ്കിലും NGO ആണെന്ന് സംശയിക്കുകയുമരുത്. അടുത്ത കാലത്ത് കേരളത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനങ്ങളിലൊന്നാണിത്. ബുദ്ധിപരവും ഏകോപിതവുമായ ജനനീക്കമായിരുന്നു ഇത്)

കടപ്പാട് : ക്രാക്ടിവിസം.ഒ.ആര്‍.ജി