Entertainment
മേതില്‍ ദേവിക മുതല്‍ ജ്യോതിക വരെ; കയ്യിലൊരു മാണിക്യം വെച്ചിട്ടെന്തിനാണ് മറ്റുപലതും ആലോചിക്കുന്നതെന്ന് രഞ്ജിത്തേട്ടന്‍: തരുണ്‍ മൂര്‍ത്തി

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹന്‍ലാല്‍ സിനിമ ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്.

ചിത്രത്തിലേക്ക് നായികയായി ശോഭനയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. നര്‍ത്തകിയും നടിയുമായ മേതില്‍ ദേവിക മുതല്‍ ജ്യോതിക വരെയുള്ളവര്‍ മനസിലുണ്ടായിരുന്നുവെന്നും എന്നാല്‍ മനസില്‍ അപ്പോഴും ശോഭന ആയിരുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.

ഇതുവരെ കാണാത്ത ജോഡിയല്ല മറിച്ച് വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന കൂട്ട് വരുമ്പോഴാണ് കഥ കൂടുതല്‍ മനസിലേക്കെത്തുക എന്ന തിരിച്ചറിവ് വന്നപ്പോള്‍ ശോഭനയിലേക്കെത്തിയെന്നും തരുണ്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ലാലേട്ടനോട് കഥ പറയുമ്പോഴും ശോഭന മാഡമാകും ലാലേട്ടന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുകയെന്ന് പറഞ്ഞിരുന്നില്ല. എന്റെയും സുനിലിന്റെയും മനസില്‍ ശോഭന മാഡമായിരുന്നു. അവരെ ലഭിക്കുമോ എന്നറിയാത്തതിനാല്‍ മറ്റുപലരെയും മുന്‍നിര്‍ത്തി ആലോചനകള്‍ മുന്നോട്ടുപോയി.

ഒരുഘട്ടത്തില്‍ നര്‍ത്തകിയും നടിയുമായ മേതില്‍ ദേവികയോട് സിനിമയെക്കുറിച്ച് സംസാരിച്ചു. തമിഴ് താരം ജ്യോതികയായിരുന്നു ഞങ്ങളുടെ മുന്നിലേക്കെത്തിയ മറ്റൊരു പേര്. ലാലേട്ടനൊപ്പം ഇതുവരെ കാണാത്ത ഒരു കോമ്പിനേഷന്‍ വന്നാല്‍, അത് കഥയ്ക്ക് ഗുണമാകും എന്ന ചിന്തയാണ് ഇവരിലേക്കെല്ലാം എത്താന്‍ കാരണം. എന്നാല്‍ ഇതൊന്നുമല്ല വേണ്ടതെന്ന് മനസ് പറഞ്ഞുകൊണ്ടിരുന്നു.

ഇതുവരെ കാണാത്ത ജോഡിയല്ല, മലയാളി ഹൃദയത്തിലേറ്റിയ, കണ്ടിഷ്ടപ്പെട്ട, വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന കൂട്ട് വരുമ്പോഴാണ് കഥ കൂടുതല്‍ മനസിലേക്കെത്തുക എന്ന തിരിച്ചറിവ് വീണ്ടും ഞങ്ങളെ ശോഭനയെന്ന പേരിലേക്ക് കൊണ്ടുവന്നു. കൈയിലൊരു മാണിക്യം വെച്ചിട്ടാണ് നമ്മള്‍ മറ്റുപലതും ആലോചിക്കുന്നതെന്ന് രഞ്ജിത്തേട്ടനോടും പറഞ്ഞു.

ശോഭന മാമിനോട് ചോദിക്കാമെന്നും അവര്‍ക്ക് സമ്മതമല്ലെങ്കില്‍ മാത്രം മറ്റൊരാളെക്കുറിച്ച് ചിന്തിക്കാമെന്നും ഞങ്ങള്‍ തീരുമാനിച്ചു. രണ്ടും കല്‍പ്പിച്ച് രഞ്ജിത്തേട്ടന്‍ ശോഭന മാഡത്തെ വിളിച്ചു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy Talks About Casting Of Shobana In Thudarum Movie