താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു
Kerala News
താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th June 2018, 1:01 pm

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടറുടെ ഉത്തരവ്. ചുരത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗതത്തിന് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

ഇരുവശത്തേക്കുമുള്ള കെ.എസ്.ആര്‍.ടി.സി ഷട്ടില്‍ സര്‍വ്വീസ് തുടരും. കോഴിക്കോടു നിന്നുമുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ചിപ്പിലിത്തോട് വരെയാണ് സര്‍വീസ് നടത്തുക. സ്വകാര്യ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല. ചെറിയ വാഹനങ്ങള്‍ക്ക് മൂന്നാം വളവില്‍ നിന്ന് അടിവാരത്തേക്കുള്ള ബൈപ്പാസ് വഴി കടന്നുപോകാം.

കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം പ്രദേശത്തെ റോഡുഗതാഗതം താറുമാറായിരുന്നു. മലയോരമേഖലയില്‍ മഴയ്ക്കു ശമനമുണ്ടായെങ്കിലും ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

കട്ടിപ്പാറയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 12 പേര്‍ മരിച്ചിരുന്നു. കാണാതായ രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നേരത്തെ ദേശീയ ദുരന്തനിവാരണസേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിരുന്നു.