World News
ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് വൈദ്യുതി സ്വീകരിക്കാന്‍ കഴിയുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 26, 03:41 am
Wednesday, 26th March 2025, 9:11 am

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഊര്‍ജരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പുതിയ പദ്ധതിയുമായി കെ.എസ്.ഇ. ബി രംഗത്ത്. ഇലക്ട്രിക് വാഹനങ്ങളിലെ വൈദ്യുതി ആവശ്യഘട്ടങ്ങളില്‍ വിതരണശൃംഖലയിലേക്ക് മാറ്റാന്‍ കഴിയുന്ന വെഹിക്കിള്‍ ടു ഗ്രിഡ് (വി.ടി.ജി) ടെക്‌നോളജി പരീക്ഷിക്കാനാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്. ഇതിനായി ഐ.ഐ.ടി ബോംബൈയുമായി ധാരണപത്രം ഒപ്പുവെക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു.

ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാത്തില്‍ വെദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകളിലും വൈദ്യുതി ശൃംഖലയിലുമാണ് പരീക്ഷണം നടത്തുക. തുടര്‍ന്ന പദ്ധതി പദ്ധതി സ്ഥാപിച്ച് ഇതിന്റെ സാധ്യത വിലയിരുത്തും. ഇത് വിജയമായാല്‍ സംസ്ഥാനത്തുടനീളം ഇത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണത്തിനും സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയുടെ പുരോഗതിക്കും ഈ പദ്ധതി വലിയ രീതിയിലുള്ള മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി.

വി.ടി.ജി പദ്ധതി വഴി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും വൈദ്യുതി ആവശ്യമുള്ള സമയങ്ങളില്‍ ശൃംഖലയിലേക്ക് തിരികെ നല്‍കാനും സാധിക്കുന്ന ദ്വിദിശ ഊര്‍ജപ്രവാഹം സാധ്യമാക്കുകയാണ് ചെയ്യുന്നത്.

സ്മാര്‍ട്ട് പോര്‍ട്ടബിള്‍ എനര്‍ജി സംഭരണികളായി ഇലക്ട്രിക് വാഹനങ്ങള്‍ മാറുന്നതിലൂടെ പകല്‍ സമയങ്ങളില്‍ വൈദ്യുതി സംഭരിക്കാനും ആവശ്യമുള്ള സമയങ്ങളില്‍ ഇവ പുനരുപയോഗിക്കാനും കഴിയും.

ഈ പദ്ധതിയിലൂടെ കെ.എസ്.ഇ.ബിക്കും വൈദ്യുത വാഹന ഉടമകള്‍ക്കും അധിക വരുമാന സാധ്യതയമുണ്ട് ഭാവിയില്‍. ഈ പദ്ധതി വഴി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും ഇത് വഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും സാധിക്കും. കൂടാതെ വികേന്ദ്രീകൃത ഊര്‍ജ സംഭരണം നടപ്പിലാക്കുന്നതിലൂടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളുടെ ഉപയോഗം പരമാവധി വര്‍ധിക്കുകയും ചെയ്യുന്നു.

Content Highlight: KSEB launches project to receive electricity from electric vehicles