ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ പ്രതി മെഹുല്‍ ചോക്സി (65)യെ അറസ്റ്റ് ചെയ്ത് ബെല്‍ജിയം പൊലീസ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ചയാണ് ഇന്ത്യന്‍ വ്യാപാരിയായ മെഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2018ലും 2021ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് മെഹുലിനെതിരായ നടപടി. സി.ബി.ഐയുടെ അപേക്ഷയിലാണ് ബെല്‍ജിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് മെഹുല്‍ അന്വേഷണം നേരിടുന്നത്. വായ്പ എടുത്ത ശേഷം മെഹുല്‍ ചോക്സി രാജ്യം വിടുകയായിരുന്നു. ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെ മെഹുലിനെതിരെ നിലനിന്നിരുന്നു.
മെഹുലിന്റെ അനന്തരവന്‍ നീരവ് മോദിയും തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു. നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ ജയിലിലാണ്. ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട ചോക്സി കഴിഞ്ഞ കുറച്ച് കാലങ്ങളായി പങ്കാളിയോടൊപ്പം ബെല്‍ജിയത്തിലാണ് താമസിച്ചിരുന്നത്. നിലവില്‍ മെഹുല്‍ ജയിലിലാണെന്നാണ് വിവരം.
നേരത്തെ ചോക്സിയുടെ പങ്കാളി പ്രീതി ചോക്സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2021ല്‍ മെഹുല്‍ ചോക്‌സി ഡൊമിനികയില്‍ വെച്ച് പിടിയിലായിരുന്നു. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്‌സി പിടിയിലായത്.
ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യത്ത് നിന്നും കടന്നുകളഞ്ഞ മെഹുല്‍ ചോക്‌സി ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലായിരുന്നു 2018 മുതല്‍ ചോക്‌സി കഴിഞ്ഞിരുന്നത്.
ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ ഇ.ഡിയും സി.ബി.ഐയും ശ്രമം വിപുലപ്പെടുത്തിയതോടെ ചോക്സി ദ്വീപ് വിടുകയായിരുന്നു. കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നും ക്യൂബയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
Content Highlight: Punjab National Bank fraud: Mehul Choksi arrested in Belgium