നടന്‍, കൊമേഡിയന്‍, കാരിക്കേച്ചറിസ്റ്റ്, തുള്ളല്‍ കലാകാരന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായിട്ടുള്ള കലാകാരനാണ് ജയരാജ് വാര്യര്‍. താന്‍ ജീവിതത്തില്‍ നേരിട്ട് കണ്ട ആദ്യത്തെ നടന്‍ തന്റെ വീടിന് സമീപത്തെ വട്ടപ്പിന്നി ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്നു എന്ന് പറയുകയാണിപ്പോള്‍ ജയരാജ് വാര്യര്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വട്ടേക്കാട് പരമേശ്വരന്‍ നായരായിരുന്നു തന്റെ കുട്ടിക്കാലത്ത് ഈ ക്ഷേത്രത്തിലെ വെളിച്ചപ്പാടായുണ്ടായിരുന്നത് എന്നും ജയരാജ് വാര്യര്‍ ഓര്‍ത്തെടുക്കുന്നു. അമ്പലത്തിലേക്ക് സാധാരണ രീതിയില്‍ വരുന്ന വെളിച്ചപ്പാട് വെളിച്ചപ്പെട്ട് കഴിഞ്ഞാല്‍ മറ്റൊരാളായി മാറുമെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിലും ഡയലോഗിലുമെല്ലാം വ്യത്യാസം വരുമെന്നും ജയരാജ് വാര്യര്‍ പറയുന്നു. സിനിമയില്‍ താന്‍ ഒരുപാട് നടന്‍മാരെ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തില്‍ നിന്നും താന്‍ ആദ്യമായി കണ്‍മുന്നില്‍ കണ്ട നടന്‍ ഈ വെളിച്ചപ്പാടായിരുന്നു എന്നും അദ്ദേഹം പറയുന്നു.
‘സിനിമയില്‍ ഒരുപാട് നടന്‍മാരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജീവിതത്തില്‍ നിന്ന് നടന്‍മാരെ കണ്ടെത്തുക എന്ന് പറയും. സ്വാഭാവികമായും, ഞാന്‍ കണ്‍മുന്നില്‍ കണ്ട ആദ്യത്തെ നടന്‍ ഇവിടുത്തെ (വട്ടപ്പിന്നി ഭഗവതി ക്ഷേത്രം) വെളിച്ചപ്പാടാണ്.
കാരണം, ഒരു സാധാരണ മനുഷ്യനായിട്ടാണ് അദ്ദേഹം അമ്പലത്തിലേക്ക് വരിക. എന്നാല്‍ കലിയേറിക്കഴിഞ്ഞാല്‍ അദ്ദേഹം കണ്ണൊക്കെ ചുമന്ന് തുടുത്ത് വേറെ ഒരാളാകും. മാത്രവുമല്ല, സാധാരണ രീതിയില്‍ സംസാരിക്കുന്ന ആളായിരിക്കില്ല അദ്ദേഹം വെളിച്ചപ്പാടായിക്കഴിഞ്ഞാല്. ശബ്ദത്തില്‍ മാറ്റമുണ്ടാകും. ഡയലോഗില്‍ വേരിയേഷന്‍സുണ്ടാകും.
അന്നത്തെ വെളിച്ചപ്പാട് വട്ടേക്കാട് പരമേശ്വരന്‍ നായര്‍ എന്റെ അച്ഛന്റെ വളരെ വേണ്ടപ്പെട്ട ആളായിരുന്നു. അച്ഛന്റെ മുന്നിലൊക്കെ അദ്ദേഹം വളരെ വിനീത വിധേയനായിട്ടാണ് സംസാരിക്കുക. പക്ഷെ വെളിച്ചപ്പെട്ടു കഴിഞ്ഞാല്‍ അച്ഛന്‍ അദ്ദേഹത്തിന് മുന്നില്‍ വിനീത വിധേയനായി നില്‍ക്കുന്നതാണ് കാണുക. മാത്രവുമല്ല, അദ്ദേഹത്തിന്റെ താളബോധവും പരകായ പ്രവേശവുമെല്ലാം എന്ന വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്,’ ജയരാജ് വാര്യര്‍ പറഞ്ഞു.
CONTENT HIGHLIGHTS: The first actor I saw in front of my eyes was the velichappad in the temple: Jayaraj Warrier