Advertisement
national news
ആര്‍ട്ടിക്കിള്‍ 142 പൂര്‍ണമായും സുപ്രീം കോടതിയുടെ അധികാരപരിധിയില്‍; ഉപരാഷ്ട്രപതിയുടെ 'ആണവ മിസൈല്‍' പരാമര്‍ശത്തിനെതിരെ മുന്‍ ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 02:23 am
Sunday, 20th April 2025, 7:53 am

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ ‘ആണവ മിസൈല്‍’ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി വിരമിച്ച സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗി. ആര്‍ട്ടിക്കിള്‍ 142ന് കീഴിലുള്ള അധികാരങ്ങള്‍ ഉപയോഗിക്കാനുള്ള തീരുമാനം പൂര്‍ണമായും കോടതിയുടെ അധികാരപരിധിയിലാണെന്ന് അജയ് റസ്തോഗി പറഞ്ഞു.

സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 142ാം വകുപ്പ് ജനാധിപത്യ ശക്തികള്‍ക്കെതിരെ 24 മണിക്കൂറും പ്രയോഗിക്കാവുന്ന ആണവ മിസൈലായി മാറിയെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന. ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള ചുമതല മാത്രമാണ് കോടതിക്കുള്ളതെന്നും അതിന് അഞ്ചില്‍ കൂടുതല്‍ ജഡ്ജിമാര്‍ ബെഞ്ചിലുണ്ടാകണമെന്നും ധന്‍കര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ‘ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരങ്ങള്‍ എപ്പോള്‍ വിനിയോഗിക്കണം, ഏത് സാഹചര്യത്തില്‍ എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ തീരുമാനങ്ങള്‍ കോടതിയുടെ അധികാരപരിധിയില്‍ മാത്രം വരുന്നവയാണ്,’ അജയ് റസ്തോഗി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. നമുക്കെല്ലാം എവിടെയൊക്കെയോ തെറ്റ് പറ്റുന്നുണ്ട്. ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി എല്ലാ കക്ഷികളും ശ്രമിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഒരു നിയമനിര്‍മാണത്തിന് വ്യാഖ്യാനം നല്‍കുന്നത് ജുഡീഷ്യറിയുടെ കടമയാണ്. പാര്‍ലമെന്റ് പരമോന്നതവുമാണ്. ഒരു വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ അധികാരമുണ്ട്,’ മുന്‍ ജഡ്ജി കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ചുള്ള ചര്‍ച്ചകളെ അദ്ദേഹം തള്ളുകയും ചെയ്തു.

പാര്‍ലമെന്റ് ഒരു നിയമം ഭേദഗതി ചെയ്യുകയാണെങ്കില്‍ കോടതിക്ക് അതില്‍ ദുഖമുണ്ടാകരുതെന്നും റസ്തോഗി കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ മേല്‍ യാതൊരു വിധത്തിലുള്ള സമ്മര്‍ദവുമില്ലെന്നും നിര്‍ഭയമായാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതി ആര്‍ട്ടിക്കിള്‍ 142 പ്രയോഗിച്ചത്. ബില്ലുകള്‍ തടഞ്ഞുവെച്ച നീക്കത്തില്‍ ഗവര്‍ണര്‍ക്കെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് കോടതി ഉയര്‍ത്തിയത്.

പിന്നാലെ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതി ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ബില്ലുകള്‍ പിടിച്ചുവെക്കുന്നുണ്ടെങ്കില്‍ അതിന് മതിയായ കാരണങ്ങള്‍ വേണമെന്നാണ് കോടതി വ്യക്തമാക്കിയത്. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗവര്‍ണമാര്‍ക്ക് വിവേചനാധികാരമില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഭരണഘടനയുടെ 201-ാം വകുപ്പ് പ്രകാരം ബില്ലിലെ രാഷ്ട്രപതിയുടെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പ്രസ്തുത നിയമം നിലവിലിരിക്കെയായിരുന്നു കോടതിയുടെ ഉത്തരവ്.

പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും അനുമതിയില്ലാതെ തന്നെ 10 ബില്ലുകള്‍ നിയമമാക്കുകയും ചെയ്തിരുന്നു.ചരിത്രത്തില്‍ ഇത് ആദ്യമായ നടപടി കൂടിയായിരുന്നു.

Content Highlight: No debate on Article 142, decision entirely in court’s domain: Ex-SC judge Ajay Rastogi