മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. 2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് ചെറുതും വലുതുമായ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ കൂടുതലും കോമഡി വേഷങ്ങള്‍ ചെയ്ത അജുവിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു.
കമല എന്ന സിനിമയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അജു വര്‍ഗീസ് അഭിനയിച്ചിട്ടുള്ളത്.
ഇപ്പോള്‍ ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് സുകുമാരനോട് ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ എന്നീ സിനിമകളില്‍ അവസരം ചോദിച്ചതിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്.
ഏത് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാനാണ് ഇനി ആഗ്രഹം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. എമ്പുരാന്റെ ട്രെയ്‌ലറില്‍ കാണിച്ച ഡ്രാഗണ്‍ ചിഹ്നമുള്ള ഡ്രസ് ധരിച്ച് പുറംതിരിഞ്ഞു നില്‍ക്കുന്ന ആള്‍ താന്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും അജു പറഞ്ഞു.
‘ലൂസിഫറില്‍ ചാന്‍സ് ചോദിച്ചു. ബ്രോ ഡാഡിയിലും എമ്പുരാനിലും ചാന്‍സ് ചോദിച്ചു. എമ്പുരാനില്‍ തിരിഞ്ഞു നില്‍കുന്ന ഫോട്ടോയില്‍ ഉള്ളത് ഞാന്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഞാനും കണ്ടിരുന്നു.
ഞാന്‍ ആവട്ടേയെന്ന് ചുമ്മാ ആഗ്രഹിച്ചിരുന്നു. അത് ഞാന്‍ അല്ലെന്ന് എനിക്ക് അറിയാം (ചിരി). റിലീസിന്റെ മുമ്പും അത് ഞാന്‍ അല്ലെന്ന് എനിക്ക് അറിയുന്ന കാര്യമാണല്ലോ.
പക്ഷെ നമ്മള്‍ വെറുതെ ഓരോ കാര്യങ്ങള്‍ ആഗ്രഹിക്കുമല്ലോ. അത് ഞാന്‍ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About A Role In Empuraan