തിരുവനന്തപുരം: നിറത്തിന്റെ പേരിൽ നേരിട്ട അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പങ്കാളിയായ ഡോ. വി. വേണുവിന് ശേഷമായിരുന്നു ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. പിന്നാലെ പങ്കാളിയെയും ശാരദ മുരളീധരനെയും നിറത്തിന്റെ പേരിൽ താരതമ്യം ചെയ്തുകൊണ്ട് അധിക്ഷേപപരമായ കമന്റുകൾ വന്നിരുന്നു. അത്തരം കമന്റുകൾക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ശാരദ മുരളീധരൻ.
തന്റെ ഭർത്താവിനെയും തന്നെയും നിറത്തിന്റെ പേരിൽ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കമന്റ് കണ്ടെന്നും തുടർന്ന് താൻ ഒരു മറുപടി പോസ്റ്റ് ചെയ്‌തെന്നും എന്നാൽ അതിന് വരുന്ന മറുപടികൾ കണ്ടപ്പോൾ താൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്നും ശാരദ മുരളീധരൻ പറയുന്നു. പക്ഷെ ഈ വിഷയം സംസാരിക്കപ്പെടേണ്ടതാണെന്ന ചില വ്യക്തികളുടെ മറുപടി കണ്ടതിന് ശേഷം താൻ പോസ്റ്റ് വീണ്ടും ഇടുകയായിരുന്നെന്നും ശാരദ മുരളീധരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏഴ് മാസമായി നിരവധി ആളുകൾ തന്റെ പങ്കാളിയും മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയുമായിരുന്ന വ്യക്തിയുമായി തന്നെ താരതമ്യം ചെയ്യുന്നുണ്ടെന്നും, അത് തനിക്കിപ്പോൾ ശീലമായെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ നിറത്തെക്കുറിച്ചുള്ള താരതമ്യപ്പെടുത്തൽ തനിക്ക് വേദനയുണ്ടാക്കിയെന്ന് ശാരദ മുരളീധരൻ പറഞ്ഞു. ശാരദ മുരളീധരന്റെ പങ്കാളി ചീഫ് സെക്രട്ടറിയുമായിരുന്ന സമയത്ത് എല്ലാം പകൽ പോലെ വെളുത്തിരുന്നെന്നും എന്നാൽ ശാരദ മുരളീധരൻ അധികാരത്തിലിരിക്കുമ്പോൾ രാത്രി പോലെ കറുത്തിരിക്കുന്നുവെന്നുമായിരുന്നു കമന്റിന്റെ സത്ത.
‘എന്നെ ഏറ്റവും വിഷമിപ്പിച്ചത് ‘കറുപ്പ്’ എന്ന വാക്ക് ഉപയോഗിച്ച രീതിയാണ്. ഒരു നിറമായി മാത്രമല്ല, മോശമായ ഒന്നായി, ലജ്ജിക്കേണ്ട ഒന്നായി, കറുപ്പ് ലേബൽ ചെയ്യപ്പെടുന്നു. കറുപ്പ് എന്നത് തെറ്റായതോ നിഷിദ്ധമായ ഒന്നോ ആയി കാണുന്നതുപോലെയാണ് തോന്നിയത്.
പക്ഷേ എന്തിനാണ് കറുപ്പിനെ ഇത്ര നെഗറ്റീവ് ആയി കാണുന്നത്? കറുപ്പ് ശക്തമാണ്. അത് സാർവത്രികമാണ്, എല്ലാം ആഗിരണം ചെയ്യുന്നു, അവിശ്വസനീയമായ ഊർജ്ജം അതിൽ ഉൾക്കൊള്ളുന്നു. ഓഫീസിലേക്ക് കറുത്ത വസ്ത്രം ധരിക്കുമ്പോൾ അത് എലഗൻസ് ആയി കണക്കാക്കപ്പെടുന്നു. കണ്മഷിയുടെ, കറുപ്പ്, മഴക്ക് മുന്നോടിയായുള്ള ഇരുളിമ എല്ലാം എത്ര മനോഹരമാണ്.
ഒരു കുട്ടിയായിരിക്കുമ്പോൾ, ഒരിക്കൽ ഞാൻ എന്റെ അമ്മയോട് ചോദിച്ചു, എന്നെ വീണ്ടും ഗർഭപാത്രത്തിലേക്ക് തിരിച്ച് കൊണ്ടുപോകാൻ പറ്റുമോ, എന്നിട്ട് ‘വെളുത്തതും സുന്ദരിയുമായ’ കുട്ടിയായി പുറത്ത് കൊണ്ടുവരാൻ സാധിക്കുമോ എന്ന്. 50 വർഷത്തിലേറെയായി, എന്റെ ചർമ്മത്തിന്റെ നിറം പോരാ എന്ന തോന്നലോടെയാണ് ഞാൻ ജീവിച്ചത്. ഞാൻ അത് വിശ്വസിക്കാൻ പോലും തുടങ്ങി. വെളുത്ത ചർമ്മവും വെളുത്ത മനസുകളും എന്നെ ആകർഷിച്ചു. അവ ഉയർന്നതാണെന്ന് ഞാൻ കരുതി. വെളുത്തതല്ലാത്തതിന് ഞാൻ നഷ്ടപരിഹാരം നൽകണമെന്ന് വരെ കരുതി.
പിന്നെ എന്റെ കുട്ടികൾ വന്നു. അവർ അവരുടെ കറുത്ത പാരമ്പര്യം ആഘോഷിക്കുകയും അതിലെ സൗന്ദര്യം നിരന്തരം എനിക്ക് കാണിച്ചുതരികയും ചെയ്തു. കറുപ്പ് മനോഹരമാണെന്ന് മനസിലാക്കാൻ അവർ എന്നെ സഹായിച്ചു. കറുപ്പ് ശക്തവും മനോഹരവുമാണ്. ഇപ്പോൾ, ഞാൻ അതിനെ പൂർണമായും സ്വീകരിക്കുന്നു. എനിക്ക് കറുത്തതായിരിക്കാൻ ഇഷ്ടമാണ്,’ ശാരദ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
Content Highlight: Black is strong and beautiful, I love being black: Chief Secretary Sharada Muraleedharan responds to those who insulted her on the basis of her color