national news
ആക്രമണങ്ങളിലും അധിക്ഷേപങ്ങളിലും തളരില്ല; മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്ത് കുനാൽ കമ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Wednesday, 26th March 2025, 8:40 am

പൂനെ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തിന് നിയമ നടപടിയും ആക്രമണങ്ങളും നേരിട്ടതിന് പിന്നാലെ വീണ്ടും വിമർശന വീഡിയോ പങ്ക് വെച്ച് കൊമേഡിയൻ കുനാൽ കമ്ര. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെയും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.

ബി.ജെ.പിയെക്കുറിച്ചുള്ള തന്റെ ആക്ഷേപഹാസ്യ ഗാനത്തോടൊപ്പം, ശിവസേന അംഗങ്ങൾ ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ (ഐ.എച്ച്‌.സി) നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും മാർച്ച് 25 ചൊവ്വാഴ്ച അദ്ദേഹം പോസ്റ്റ് ചെയ്തു.

പുറത്തിറക്കിയ വീഡിയോയിൽ, അദ്ദേഹം ഒരു ആക്ഷേപഹാസ്യ ഗാനം ആലപിക്കുന്നതായി കാണാം. രാജ്യത്തുടനീളം ഇപ്പോൾ സാധാരണമായിത്തീർന്ന അക്രമ സംഭവങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും സംഘപരിവാർ ഗ്രൂപ്പുകളെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.

മഹാരാഷ്ട്രയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുന്ന കുനാൽ കമ്രയുടെ വീഡിയോകൾ വൈറലായതിനെ തുടർന്ന് മാർച്ച് 23ന് ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ നശിപ്പിക്കപ്പെട്ടിരുന്നു. നിലവിലെ സംസ്ഥാന ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മൂലം ശിവസേനയിലും മന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിയിലും (എൻ.സി.പി) ഉണ്ടായ പിളർപ്പിനെക്കുറിച്ചായിരുന്നു അദ്ദേഹം പരാമർശിച്ചത്.

മാർച്ച് 23ന് പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടി ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന പരാമര്‍ശം കമ്ര നടത്തിയിരുന്ന്. ‘ആദ്യം ബി.ജെ.പിയില്‍ നിന്ന് ശിവസേന പുറത്തുവന്നു. പിന്നെ ശിവസേനയില്‍ നിന്ന് ശിവസേന പുറത്തുവന്നു. എന്‍.സി.പിയില്‍ നിന്ന് എന്‍.സി.പിയും പുറത്തുവന്നു. അവര്‍ ഒരു വോട്ടര്‍ക്ക് ഒമ്പത് വോട്ടിങ് ബട്ടണുകള്‍ നല്‍കി, അതോടെ അവര്‍ ആശയക്കുഴപ്പത്തിലുമായി,’ ഇതായിരുന്നു കുനാല്‍ കമ്ര പറഞ്ഞത്.

പിന്നാലെ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന എം.എല്‍.എ മുര്‍ജി പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.

മാപ്പ് പറയാത്ത പക്ഷം കമ്രയെ മുംബൈയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും പട്ടേല്‍ ഭീഷണിപ്പെടുത്തി. പൊതുസ്ഥലത്ത് കണ്ടാല്‍ കമ്രയുടെ മുഖത്ത് കറുത്ത ചായം തേക്കുമെന്നും കമ്രക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.

ഇതിനിടെ കുനാല്‍ കമ്ര പരിപാടി നടത്തിയ ഹോട്ടല്‍ ഷിന്‍ഡെ അനുകൂലികള്‍ അടിച്ച് തകര്‍ത്തു. മുംബൈയിലെ ഖാറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ഷിന്‍ഡെ അനുകൂലികള്‍ തകര്‍ത്തത്.

 

Content Highlight: Kunal Kamra posts video mocking govt again