ന്യൂദൽഹി: ബലാത്സംഗ ശ്രമത്തിന് കുറ്റം ചുമത്താൻ മാറിടങ്ങൾ പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും പര്യാപ്തമല്ലെന്ന് പറയുന്ന അലഹബാദ് ഹൈക്കോടതിയുടെ മാർച്ച് 17ലെ ഉത്തരവിനെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയിരുന്ന റിട്ട് ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പി.ബി. വരാലെ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
2025 മാർച്ച് 17നായിരുന്നു പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന വിവാദ നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര എത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികളായ പവൻ, ആകാശ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കേസ് പ്രകാരം, പ്രതികൾ 11 വയസുള്ള പെൺകുട്ടിയുടെ മാറിൽ പിടിക്കുകയും ആകാശ് എന്ന പ്രതി പെൺകുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിച്ച് ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംഭവം കണ്ട വഴിയാത്രക്കാർ ഇടപെട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ ഇവർക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതികള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതായി അനുമാനിക്കാന്‍ കഴിയുന്ന ഒരു തെളിവും രേഖകളില്‍ ഇല്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി കണ്ടെത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വസ്ത്രത്തിന്റെ ചരട് പൊട്ടിച്ചു എന്നത് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയാണെന്ന് കരുതാൻ കഴിയില്ലെന്ന് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര നിരീക്ഷിച്ചു.
Content Highlight: ‘Grabbing breasts, breaking pyjama strings not enough for attempt to rape,’ SC takes suo motu cognisance of Allahabad HC order