സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കുന്ന ഏജന്റുമാര്‍ ഉണ്ട്, രാമസിംഹന്‍ ചെയ്ത കുറ്റം അവരെ സമീപിക്കാത്തത്; സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും ടി.ജി. മോഹന്‍ദാസ്
Movie Day
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കുന്ന ഏജന്റുമാര്‍ ഉണ്ട്, രാമസിംഹന്‍ ചെയ്ത കുറ്റം അവരെ സമീപിക്കാത്തത്; സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും ടി.ജി. മോഹന്‍ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd September 2022, 5:30 pm

രാമസിംഹന്‍(അലി അക്ബര്‍) സംവിധാനം ചെയ്യുന്ന ചിത്രം’1921 പുഴ മുതല്‍ പുഴ വരെ’ക്കെതിരെ സെന്‍സെര്‍ ബോര്‍ഡ് ഇടപെടലുണ്ടാകുന്നെന്ന ആരോപണം ആവര്‍ത്തിച്ച് ആര്‍.എസ്.എസ് സൈദ്ധാന്ധികന്‍ ടി.ജി. മോഹന്‍ദാസ്.

രാമസിംഹന്‍ ചെയ്ത കുറ്റം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കുന്ന ഏജന്റുമാരെ സപീക്കാത്തതാണെന്ന് ടി.ജി. മോഹന്‍ദാസ് പറയുന്നത്.

‘സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കുന്ന ഏജന്റുമാര്‍ ഉണ്ട്. ഇനി അവര് വഴി പോകാതെ നേരിട്ട് സമീപിച്ചതായിരിക്കുമോ അലി അക്ബര്‍ എന്ന രാമസിംഹന്‍ ചെയ്ത കുറ്റം?,’ ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍ണായക സീനുകള്‍ കട്ട് ചെയ്തുമാറ്റുകയാണെന്നും അങ്ങനെ ചെയ്താല്‍ സിനിമക്ക് ജീവനുണ്ടാവില്ലെന്നും ടി.ജി. മോഹന്‍ദാസ് നേരത്തെ പറഞ്ഞിരുന്നു.

പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മിച്ചതെന്നും സിനിമ മോശമായതിന് അവര്‍ രാമസിംഹനെ പഴിക്കുമെന്നും ടി.ജി. മോഹന്‍ദാസ് വ്യക്തമാക്കിയിരുന്നു.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ എഡിറ്റിങും, സ്റ്റണ്ടും, ഗാനങ്ങള്‍ എഴുതിയതും രാമസിംഹന്‍ തന്നെയാണ്. ഹരി വേണുഗോപാല്‍, ജഗത്‌ലാല്‍ ചന്ദ്രശേഖര്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ആഷിക് അബു ചിത്രം ഉപേക്ഷിച്ചിരുന്നു.