മേജര്‍ ലീഗ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ എം.ഐ ന്യൂയോര്‍ക്കിനെ പരാജയപ്പെടുത്തി ടെക്‌സസ് സൂപ്പര്‍ കിങ്‌സ്. സീസണിലെ ആദ്യ ബ്രാവോ – പൊള്ളാര്‍ഡ് ഫെയ്‌സ് ഓഫില്‍ വിജയിച്ചുകയറിയാണ് സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്.
ഇന്ന് രാവിലെ ആറ് മണിക്ക് ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ടെക്‌സസ് സൂപ്പര്‍ കിങ്‌സ് എം.ഐ ന്യൂയോര്‍ക്കിനെ പരാജയപ്പെടുത്തിയത്. ഡെവോണ്‍ കോണ്‍വേയുടെ വെടിക്കെട്ടിലാണ് സൂപ്പര്‍ കിങ്‌സ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 55 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് കോണ്‍വേ സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിന് അടിത്തറയിട്ടത്.
13 പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമായി 27 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത ഹൈ സ്‌കോറര്‍.
പിന്നാലെയെത്തിയവര്‍ക്ക് വലിയ തോതില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും പലതുള്ളി പെരുവെള്ളമെന്നോണം ടീം ടോട്ടല്‍ ഉയര്‍ത്താന്‍ സധിച്ചിരുന്നു. ഡേവിഡ് മില്ലര്‍ (15 പന്തില്‍ 17), കോഡി ചെട്ടി (18 പന്തില്‍ 12) എന്നിവരാണ് സൂപ്പര്‍ കിങ്‌സിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് സൂപ്പര്‍ കിങ്‌സ് നേടിയത്.
പിന്നാലെയെത്തിയവരെ കൂട്ടുപിടിച്ച് ഓപ്പണര്‍ ഷയാന്‍ ജഹാംഗീര്‍ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 38 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 41 റണ്‍സാണ് താരം നേടിയത്.
ജഹാംഗീറിന് പുറമെ ടിം ഡേവിഡ് (19 പന്തില്‍ 21), നിക്കോളാസ് പൂരന്‍ (15 പന്തില്‍ 19) എന്നിവര്‍ ഒരു ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സിന് ന്യൂയോര്‍ക്ക് പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ സൂപ്പര്‍ കിങ്‌സ് 17 റണ്‍സിന്റെ വിജയമാഘോഷിച്ചു.
ഈ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമാണ് സൂപ്പര്‍ കിങ്‌സിനുള്ളത്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്നാമതാണ് ന്യൂയോര്‍ക്ക്.
സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത സിയാറ്റില്‍ ഓര്‍ക്കാസിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. ജൂലൈ 22ന് ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കാണ് സിയാറ്റില്‍ – ടെക്‌സസ് പോരാട്ടത്തിന് വേദിയാകുന്നത്.
Content highlight: Texas Super Kings defeated MI New York