ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നടപ്പിലായാൽ 2026ലെ കേരള സർക്കാരിന്റെ കാലാവധി മൂന്ന് വർഷം മാത്രം
Kerala News
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നടപ്പിലായാൽ 2026ലെ കേരള സർക്കാരിന്റെ കാലാവധി മൂന്ന് വർഷം മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2024, 11:28 am

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനം 2029ൽ നടപ്പിലാക്കണമെന്ന മുൻ രാഷ്‌ട്രപതി റാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ 2026ൽ അധികാരത്തിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ കാലാവധി മൂന്ന് വർഷം മാത്രം.

2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തുവാനാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

ഇനി തെരഞ്ഞെടുപ്പ് നടന്ന് അധികാരത്തിലെത്തുന്ന മുഴുവൻ സർക്കാരുകളുടെയും കാലാവധി 2029 വരെ മാത്രമായിരിക്കും. 2026ലാണ് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സമിതിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണെങ്കിൽ 2026ൽ അധികാരത്തിലെത്തുന്ന സർക്കാരിന് മൂന്ന് വർഷത്തെ കാലാവധി മാത്രമേ ഉണ്ടാകൂ.

കേരളത്തിന് പുറമേ, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭകളുടെയും കാലാവധി 2026ലാണ് അവസാനിക്കുക.
ഇതിൽ അസമും പുതുച്ചേരിയുമൊഴികെയുള്ള സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബി.ജെ.പി ഇതര പാർട്ടികളാണ് എന്നതും ശ്രദ്ധേയമാണ്. നിലവിൽ കേന്ദ്ര സർക്കാരിനെതിരെ ഇവർ കടുത്ത വിമർശനം ഉന്നയിക്കാറുമുണ്ട്.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തി 100 ദിവസങ്ങൾക്കകം രണ്ടാം ഘട്ടത്തിൽ രാജ്യത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്താനാണ് റാംനാഥ് കോവിന്ദിന്റെ സമിതി ശുപാർശ ചെയ്തത്. അതിനാൽ ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2029 വരെയായിരിക്കും.

അങ്ങനെയെങ്കിൽ 2025ൽ കേരളത്തിൽ അധികാരത്തിലെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി നാല് വർഷമായിരിക്കും.

ഈ വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കും.

Content Highlight: Tenure of kerala government will be 3 years if One India One election implemented