national news
'എത്ര കുട്ടികളുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം'; വിലക്ക് എടുത്ത് കളഞ്ഞ് ടി.ആര്‍.എസ്, ഒവൈസിയെ തൃപ്തിപ്പെടുത്താനെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 24, 07:16 am
Tuesday, 24th September 2019, 12:46 pm

ഹൈദരാബാദ് : രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ലെന്ന തെലുങ്കാനയിലെ നിയമം എടുത്ത് കളഞ്ഞ് ടി.ആര്‍.എസ് സര്‍ക്കാര്‍. ചന്ദ്രശേഖരറാവുവിന്റെ തീരുമാനം അസാദുദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയെ അനുനയിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

ഈയടുത്ത് ഒവൈസിയുടെ ഒരു സ്ഥാനാര്‍ഥിയും, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഒരു ടി.ആര്‍.എസ് കൗണ്‍സിലറും മുന്‍ നിയമത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെട്ടിരുന്നു.

തെലുങ്കാനയില്‍ തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ചന്ദ്രശേഖരറാവു സര്‍ക്കാരിന്റെ പുതിയ നിയമഭേദഗതി. അതേസമയം തെലുങ്കാനയില്‍ വീണ്ടും മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. പുതുതായി ആറു പേരെയാണ് മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയത്.

ചന്ദ്രശേഖരറാവുവിന്റെ മകന്‍ കെ.ടി രാമറാവുവും മരുമകന്‍ ടി. ഹരിഷ് റാവുവും മന്ത്രിസഭയില്‍ തിരിച്ചെത്തി. ഇപ്പോള്‍ മുഖ്യമന്ത്രിയടക്കം മന്ത്രിസഭയില്‍ 18 അംഗങ്ങളായി.

രാമറാവുവിനെയും ഹാരിഷിനെയും കൂടാതെ സബിത ഇന്ദിര റെഡ്ഡി, ഗാംഗുല കമലാക്കര്‍, സത്യാവതി റാതോഡ്, പുവ്വാഡ അജയ്കുമാര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മറ്റു മന്ത്രിമാര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാവരും തെലുഗു ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ചന്ദ്രശേഖരറാവു 2014ല്‍ മന്ത്രിയായതു മുതല്‍ ഒരു വനിതാ എം.എല്‍.എയെപ്പോലും മന്ത്രിസഭയില്‍ കൊണ്ടുവന്നിരുന്നില്ല. എന്നാല്‍ ഇത്തവണ രണ്ടു പേരെയാണ് മന്ത്രിമാരാക്കിയിരിക്കുന്നത്. സബിത ഇന്ദിര റെഡ്ഡി, സത്യാവതി റാതോഡ് എന്നിവരാണവര്‍.

DoolNews Video